കേരള ജല അതോറിറ്റി നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും കിട്ടേണ്ട അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് ജലവിഭവവകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശിതരൂരും ചര്‍ച്ച നടത്തി.
ജലവിഭവ വകുപ്പ് മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് പേപ്പാറ ജലസംഭരണിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുള്ള ഡാമിന്‍റെ ഷട്ടറുകള്‍ താഴ്ത്തുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു. തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രധാന ജലസ്രോതസ് അരുവിക്കര ഡാമും അതിനു മുകളിലുള്ള പേപ്പാറ ഡാമുമാണ്.
വന്യജീവി സംരക്ഷണ നിയമം വരുന്നതിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡാമില്‍ പൂര്‍ണ്ണമായി ജലം സംഭരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വന്യജീവി സംരക്ഷണ നിയമം നടപ്പില്‍വരുന്നതിന് മുമ്പ് നിര്‍മ്മിച്ച ഡാമില്‍ പൂര്‍ണ്ണ തോതില്‍ ജലം സംഭരിച്ചാല്‍ മാത്രമേ ഭാവിയില്‍ തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെള്ള ആവശ്യം നിറവേറ്റാന്‍ കഴിയൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുവാന്‍ പേപ്പാറ ഡാമിന്‍റെ ഷട്ടര്‍ താഴ്ത്തുവാനും ജലം സംഭരിക്കുവാനും കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് തിരുവനന്തപുരത്തെ എം പി കൂടിയായ ശശിതരൂര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ വിവിധ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 23 സ്ഥലങ്ങളില്‍ റെയില്‍വേ ക്രോസ്സിങ്ങിനായി അനുമതി നേടിയെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുടെ പരിശ്രമങ്ങളുമായി ഒത്തുചേര്‍ന്ന് കേന്ദ്രത്തില്‍ വേണ്ടതൊക്കെ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തീരദേശ കുടിവെള്ള വിതരണം ശക്തമാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ പദ്ധതികളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ വിദഗ്ദ്ധ സേവനം ലഭ്യമാക്കണമെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ആവശ്യത്തോട് അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു. കാളിപ്പാറ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ശശിതരൂരിന്റെ അഭിപ്രായത്തോട് മന്ത്രി പ്രേമചന്ദ്രന്‍ പൂര്‍ണ്ണമായി യോജിച്ചു. പദ്ധതി കഴിഞ്ഞ വര്‍ഷം നബാര്‍ഡിന് സമര്‍പ്പിച്ചുവെങ്കിലും അംഗീകാരം കിട്ടിയിരുന്നില്ല.
ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നേറുകയാണ് ഇന്ന് സംസ്ഥാനത്തിന്‍റെ ആവശ്യമെന്ന് ഇരു മന്ത്രിമാരും പറഞ്ഞു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന പൊതു താല്‍പര്യമാണ് ആവശ്യമെന്നും മന്ത്രിമാര്‍ അറിയിച്ചു.