മലബാറിന്‍റെ ഓണ ‘മീന്‍’ സദ്യ

കോഴിക്കോട്| WEBDUNIA|
PRO
PRO
ഓണസദ്യയിലും വൈവിധ്യം സൃഷ്‌ടിക്കുന്നവരാണ് മലബാറുകാര്‍. മീന്‍ കുടാതെയുള്ള ഒരു സദ്യയെക്കുറിച്ച് ആലോചിക്കാന്‍ മനസു വെച്ചാലും മലബാറുകാര്‍ക്ക് കഴിയില്ലെന്നാണ് വിപണി തെളിയിക്കുന്നത്. ഉത്രാടപ്പാച്ചിലില്‍ അവിയലിനുള്ള പച്ചക്കറി വാങ്ങിയ കൂട്ടത്തില്‍ നല്ല തുണ്ടം മീന്‍ വാങ്ങാ‍നും മലബാറുകാര്‍ മറന്നില്ല. തിരുവോണ നാളില്‍ രാവിലെയും കോഴിക്കോടടക്കമുള്ള വിവിധ മീന്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഓണത്തോടൊപ്പം റംസാന്‍ വ്രതവും ഒന്നിച്ചെത്തിയതോടെ മലബാറില്‍ ഓണസദ്യയിലെ പങ്കാളിത്തം കുറയും. അതേസമയം, മലയാളികളുടെ അടുക്കളയില്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. 28 കൂട്ടം വിഭവങ്ങള്‍ ചേരുന്ന സമൃദ്ധമായ സദ്യയാണ്‌ ഓണാഘോഷത്തിന് പൂര്‍ണതയേകി മലയാളികള്‍ തയ്യാറാക്കുന്നത്. ചോറിനോടൊപ്പം സാമ്പാര്‍, അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, കൂട്ടുകറി, ഇഷ്ടു, പച്ചടി, കിച്ചടി, ഇഞ്ചിപ്പുളി / ഇഞ്ചിക്കറി, അച്ചാര്‍, മാങ്ങാക്കറി, ഉപ്പേരി, ചക്കരവരട്ടി, രസം, പഴം, നെയ്യ്, പരിപ്പ്, പപ്പടം, മോര് തുടങ്ങിയ വിഭവങ്ങള്‍ വിളമ്പും. മനം നിറഞ്ഞ്, വയറു നിറഞ്ഞ് മലയാളി സദ്യ കഴിക്കും. സദ്യ കഴിഞ്ഞാല്‍ പിന്നെയുമുണ്ട് വിഭവങ്ങള്‍. വിവിധ തരത്തിലുള്ള പായസമാണ് പിന്നീട് വിളമ്പുക. പ്രഥമന്‍ (പായസം), പാലട പ്രഥമന്‍ (അട പ്രഥമന്‍), പഴ പ്രഥമന്‍, ഗോതമ്പ് പ്രഥമന്‍, ചക്ക പ്രഥമന്‍, പരിപ്പ് പ്രഥമന്‍, അരിപ്പായസം തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് ഓണനാളില്‍ എല്ലാ വീട്ടിലുമുണ്ടാകും.

സദ്യ തയ്യാറാക്കി കഴിഞ്ഞാല്‍ വിളമ്പുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. ഉണ്ണുന്ന ആളിന്‍റെ ഇടതുവശത്തായി നാ‍ക്കില(വാഴയില)യുടെ തലഭാഗം വരത്തക്ക രീതിയില്‍ ഇടണം. സദ്യയില്‍ ആദ്യം വിളമ്പുന്നത് വാഴയ്ക്ക നുറുക്ക്, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം എന്നിവയായിരിക്കും. തുടര്‍ന്ന് തൊട്ടു കൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എന്നിവ വിളമ്പുന്നു. ഇത് പതിവായി ഇലയുടെ ഇടത്തേ മൂലയിലാണ് വിളമ്പുക. തുടര്‍ന്ന് മദ്ധ്യഭാഗത്തുനിന്നും വലതു ഭാഗത്തേക്ക് കൂട്ടുകറികളായ അവിയല്‍, തോരന്‍, കാളന്‍ മുതലാവയെല്ലാം വിളമ്പുന്നു. ചാറുകറികളായ നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍ എന്നിവ ചോറില്‍ ഒഴിക്കുന്നു. പഴം ഇലയുടെ ഇടതുവശത്ത് താഴെയായി വയ്ക്കുന്നു.

സദ്യ വിളമ്പി കഴിഞ്ഞാല്‍ ഉണ്ണുന്നതിന് മുമ്പും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങള്‍. ആദ്യവട്ടം പരിപ്പും നെയ്യും ചേര്‍ത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരിയും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനുശേഷം സാമ്പാര്‍ ചേര്‍ത്ത് ചോറുണ്ണുന്നു. പിന്നീട് തൈര് ചേര്‍ത്ത് ഉണ്ണുന്നു. ഒടുവില്‍ പായസങ്ങള്‍ വിളമ്പുന്നു. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. സദ്യക്കുശേഷം ചുണ്ണാമ്പുചേര്‍ത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. സദ്യ കഴിഞ്ഞ് ഇല മടക്കുമ്പോള്‍ ശ്രദ്ധിക്കാനുണ്ട് കാര്യം. സദ്യ ഇഷ്‌ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന് താഴേക്കാണ് മടക്കുക. ഇനി ഒരോണസദ്യ കഴിച്ച് വന്നാലോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :