കെ.പി.എ.സി ഖാന്‍ അന്തരിച്ചു

കൊച്ചി | M. RAJU| Last Modified ശനി, 16 ഓഗസ്റ്റ് 2008 (15:20 IST)
പ്രമുഖ നാടക നടന്‍ കെ.പി.എ.സി ഖാന്‍ (86) അന്തരിച്ചു. ഇന്നു രാവിലെ കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്‌ നടക്കും. നാല് പതിറ്റാണ്ടോളം കേരളത്തിലെ വിവിധ നാടകവേദികളില്‍ സജീവമായിരുന്നു ഖാന്‍.

അനായാസ നാടകാഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഖാന്‍ കേരളത്തിലുടനീളവും ഗള്‍ഫ്‌, അമേരിക്കന്‍ രാജ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. കുറച്ച് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്‌. അന്ത്യനാളുകളില്‍ ബന്ധു വീടുകളിലായിരുന്നു താമസം.

കൊച്ചി സാന്താക്രൂസ്‌ ഹൈസ്കൂളില്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ ആന്‍ഡ്രൂ മാഷിന്‍റെ 'പറുദീസാ നഷ്ടം' എന്ന നാടകത്തിലൂടെയായിരുന്നു ഖാന്‍ അഭിനയ രംഗത്ത് എത്തുന്നത്. ആന്‍ഡ്രൂ മാഷിന്‍റെ കൂടെ നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ എയര്‍ഫോഴ്സില്‍ ജോലി ലഭിച്ചെങ്കിലും അധികം തുടര്‍ന്നില്ല.

1958 ല്‍ ചങ്ങനാശേരി പ്രകാശ്‌ തിയേറ്റേഴ്സിന്‍റെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നാടകമായ 144 ല്‍ അഭിനയിച്ചുകൊണ്ട്‌ പ്രഫഷണല്‍ നാടകരംഗത്തെത്തി. പിന്നീട്‌ കെ.പി.എ.സിയുടെ നാടകങ്ങളില്‍ 40 വര്‍ഷം അഭിനയിച്ചു. കെ.പി.എ.സിയില്‍ പുതിയ ആകാശം പുതിയ ഭൂമിയായിരുന്നു ആദ്യനാടകം.

അശ്വമേധത്തിലെ സംശയാലുവായ ഹെല്‍ത്ത്‌ വിസിറ്റര്‍ ഉള്‍പ്പടെ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. ഇതിനിടെ സിനിമയിലും അഭിനയിച്ചു. 1956 ലാണ്‌ വെള്ളിത്തിരയിലെത്തിയത്‌. രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലാണ് ആദ്യം വേഷമിട്ടത്. പിന്നീട് മിന്നാമിനുങ്ങ്‌, കൂട്ടുകുടുംബം, തുലാഭാരം, സൃഷ്ടി, ഏണിപ്പടികള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.

കെ.പി.എ.സിയുടെ ലയനം എന്ന നാടകത്തിലെ അഭിനയത്തിന്‌ സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും സംസ്ഥാന നാടക സംഗീത അക്കാദമിയുടെ എന്‍ഡോവ്മെന്‍റെ അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :