പിണറായിക്കെതിരെയുള്ള ആരോപണം തെറ്റ് - കേന്ദ്രം

Pinarayi Vijayan
KBJWD
എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ കമ്മിഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കമല ഇന്‍റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ച വാദം ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പിണറായി വിജയനെതിരെ ക്രൈം വാരികയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.പി നന്ദമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. പിണറായി വിജയന്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നും കമ്മിഷന്‍ തുക കൈപ്പറ്റിയെന്നും ഈ തുക സിംഗപ്പൂരിലെ കമലാ ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ട്‌സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തിയത്. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലാണ് കേന്ദ്രസര്‍ക്കരിന്‍റെ വിശദീകരണക്കുറിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പിണറായി വിജയന് എതിരായുള്ള അരോപണങ്ങളില്‍ കഴമ്പില്ല. സിംഗപ്പൂരിലെ നികുതി വകുപ്പുമായി ചേര്‍ന്നാണ് കമല ഇന്‍റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിയെക്കുറിച്ച് അന്വേഷിച്ചത്.

ഈ അന്വേഷണത്തില്‍ ഈ പേരില്‍ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള മറ്റ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിണറായി വിജയന്‍റെ മകന്‍ വിദേശത്ത് പഠിക്കുന്നതിന് ആവശ്യമായ പണം എവിടെനിന്നും കിട്ടിയെന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൊച്ചി | M. RAJU| Last Modified തിങ്കള്‍, 28 ജൂലൈ 2008 (14:33 IST)
ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നും കേന്ദ്രം നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പിണറായി വിജയന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കാര്യത്തില്‍ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :