ദമ്പതികളുടെ മരണത്തില്‍ ദുരൂഹത

അന്വേഷണം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (16:56 IST)
ടാങ്കര്‍ ലോറിയിടിച്ച്‌ ദമ്പതികള്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം. പാറ്റൂര്‍ തോട്ടുവരമ്പ്‌ മഠത്തുവിളാകം ഗോകുലം വീട്ടില്‍ രവീന്ദ്രന്‍ നായര്‍‍(45) ഭാര്യ അജിതകുമാരി(36)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4.30 മണിയോടെയാണ് അപകടം നടന്നത്.

രവീന്ദ്രന്‍നായര്‍ ചീഫ്‌ കെമിക്കല്‍ ലാബിലെ സയന്‍റിഫിക്‌ ഓഫീസറാണ്‌. ഇദ്ദേഹം സിസിറ്റര്‍ അഭയക്കേസിന്‍റെ രാസപരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയെന്ന വാര്‍ത്ത ചോര്‍ത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രവീന്ദ്രന്‌ വധഭീഷണിയുണ്ടായിട്ടുണ്ടെന്നും ബന്ധുക്കളും സഹപ്രവര്‍ത്തകരും അറിയിച്ചു.

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന രവീന്ദ്രന്‍ നായരെയും അജിതയെയും പേട്ടയില്‍ നിന്നും പാറ്റൂരിലേക്ക്‌ വരികയായിരുന്ന ടാങ്കര്‍ലോറി നിയന്ത്രണം വിട്ട്‌ ഫുട്പാത്തില്‍ കയറി ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയിലായ ഇരുവരെയും വളരെ പണിപ്പെട്ട്‌ നാട്ടുകാര്‍ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരമണടഞ്ഞു.

അജിതകുമാരി കണിയാപുരം ബി.ആര്‍.എസിലെ അധ്യാപികയാണ്‌. അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :