ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് പദ്ധതി നടപ്പാവുന്നു
തിരുവനന്തപുരം|
M. RAJU|
Last Modified വെള്ളി, 7 ഡിസംബര്‍ 2007 (09:51 IST)
സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ നടപ്പാക്കുന്ന ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള ഐ.ടി.അറ്റ് സ്കൂള്‍ പ്രോജക്ടിന്‍റെ മേല്‍നോട്ടത്തിലുള്ള പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും വേഗത കൂടിയ മുഴുവന്‍ സമയവും ലഭിക്കുന്ന ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. പദ്ധതി ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി നിര്‍വഹിക്കും.
എഡ്യൂസാറ്റ് ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടേഴ്സ് ചാനലിലേക്ക് സ്കൂളുകളില്‍ നിന്നുള്ള വാര്‍ത്തകളും വിശേഷങ്ങളും നല്‍കുന്നതിനായി മുഴുവന്‍ ജില്ലകളിലേക്കും നല്‍കുന്ന മൂന്ന് സി.സി.ഡി.വീഡിയോ ക്യാമറകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളില്‍ ഐ.ടി അധിഷ്ഠിതപഠനം നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി വിന്യസിക്കുന്ന ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പരിചയപ്പെടാനും, ലഭ്യമായ സങ്കേതങ്ങള്‍ ഉപയോഗിക്കാനും എല്ലാ സ്കൂളുകളുടെയും സാന്നിദ്ധ്യം ഇന്‍റര്‍നെറ്റില്‍ ഉറപ്പാക്കത്തക്കവിധം ഉള്ളടക്കശേഖരം നടത്താനും സാധ്യമാകും.
ഫലപ്രദമായ ഇ - ഗവേര്‍ണന്‍സിനുള്ള പ്രധാനഘടകമായി ഇത് മാറുകയും ചെയ്യും.