ലുലുവിന് തീയിട്ടു; ആലൂക്കാസ് കൊള്ളയടിച്ചു!

മസ്കറ്റ്| WEBDUNIA|
PRO
PRO
അറബ് രാജ്യങ്ങളിലെ കലാപക്കൊടുങ്കാറ്റ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യമായ ഒമാനിലെത്തിയതിന്റെ വിവരങ്ങള്‍ മലയാളികളെ നടുക്കുന്നതാണ്. മലയാളിയായ യൂസഫലി ഉടമസ്ഥതയിലുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രക്ഷോഭക്കാര്‍ അഗ്നിക്കിരയായി, ഒപ്പം ജോയ്‌ ആലൂക്കാസിന്റെ ഷോറൂം കൊള്ളയടിക്കുകയും ചെയ്തു. പ്രക്ഷോഭം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ വന്‍ പ്രതിസന്ധയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭരണകൂടത്തിനെതിരെയുള്ള ജനവികാരം തടുക്കാനായി ഞായറാഴ്ച സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രക്ഷോഭകാരികള്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരെ ശത്രുക്കളായാണ് കണക്കാക്കുന്നത്. ബഹറൈനില്‍ കലാപം രൂക്ഷമായപ്പോള്‍ സര്‍ക്കാരിന്‌ അനുകൂലമായ പ്രകടനത്തില്‍ മലയാളികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തതാണ് ഒമാനില്‍ കുടിയേറ്റക്കാര്‍ക്ക് വിനയാകുന്നത്.

തിങ്കളാഴ്ച രാവിലെയാണ് ഒമാനിലെ സൊഹാര്‍ ഗ്ലോബ്‌ റൗണ്ട്‌ എബൗട്ടിന്‌ സമീപത്തെ സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടത്‌. ഇവിടെ നിന്ന്‌ വണ്ടികളില്‍ ചരക്കുകള്‍ കടത്തിയശേഷം തീയിടുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. ലുലുവിന്‌ പുറമെ, പാനസോണിക്‌ ഷോറൂം, ഹോംസെന്റര്‍, എംഎച്ച്‌ഡി. മൊബൈല്‍ ഷോറൂം എന്നിവക്ക്‌ നേരെയും അക്രമമുണ്ടായി. ജ്വല്ലറികളടക്കം മലയാളികളുടെ നിരവധി സ്ഥാപനങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അറ്റ്‌ലസ് ജ്വല്ലറി, എം‌കെ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ അടക്കം എല്ലാ കടകളും ചൊവ്വാഴ്ച അടച്ചിട്ടിരിക്കുകയാണ്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിരോധനമുള്ള ഒമാന്‍ നാലു ദശാബ്ദങ്ങളായി സുല്‍ത്താന്‍ ഭരണത്തിലാണ്. രാജ്യത്തെ തെക്കന്‍ നഗരമായ സലാലയില്‍ ഭരണപരിഷ്‌കാരത്തിനായി യുവാക്കള്‍ നടത്തിയ പ്രകടനത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. വ്യവസായനഗരമായ സോഹറിലും പ്രക്ഷോഭം ശക്തിപ്പെട്ട് വരികയാണ്.

തലസ്ഥാനമായ മസ്‌കറ്റിലും കഴിഞ്ഞയാഴ്ച മുന്നൂറിലധികം പേര്‍ പങ്കെടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്‌ മന്ത്രിസഭ അഴിച്ചുപണിതിരുന്നു. തൊഴിലിനും ആനുകൂല്യങ്ങള്‍ക്കുമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകടനം തുടരുന്ന പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും ജനവികാരത്തിന്റെ ശക്തി കുറയ്ക്കാനായില്ല.

അതിനിടെ കലാപം നടക്കുന്ന ബഹ്‌റിനില്‍ പ്രതിപക്ഷത്തുള്ള അല്‍ വെഫാഖ് ഷിയാ പാര്‍ട്ടിയുടെ എംപി മാര്‍ രാജി വച്ചു. ഒമാന്‍, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളും കലാപത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധികള്‍ രൂക്ഷമായ ലിബിയയില്‍ നിന്ന് ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ദൌത്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :