ലാദന്‍ യുഎസ് ഏജന്റാണെന്ന് കാസ്ട്രോ

ഹവാന| WEBDUNIA| Last Modified ശനി, 28 ഓഗസ്റ്റ് 2010 (14:03 IST)
ഒസാമ ബിന്‍ ലാദന്‍ യുഎസിന്റെ ശമ്പളം പറ്റുന്ന ഏജന്റാണെന്ന് ക്യൂബന്‍ നേതാവും യുഎസിന്റെ എക്കാലത്തെയും എതിരാളിയുമായ ഫിഡല്‍ കാസ്ട്രോ. ഒരു ലിത്വാനിയന്‍ എഴുത്തുകാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാസ്ട്രോ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് ലോകത്തെ ഭയപ്പെടുത്തേണ്ട അവസരങ്ങളിലാണ് ലാദന്‍ ഭീഷണി ഉയര്‍ന്നു വന്നിട്ടുള്ളതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. ബുഷിന് ജനങ്ങള്‍ക്കിടയില്‍ ഭീതി ഉളവാക്കി സുദീര്‍ഘ പ്രസംഗങ്ങള്‍ നടത്തേണ്ട അവസരങ്ങളിലൊക്കെ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലാദന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ബുഷിന് ഒരിക്കലും ലാദന്റെ പിന്തുണ ലഭിക്കാതിരുന്നിട്ടില്ല. ലാദന്‍ ബുഷിന്റെ കീഴ്ജീവനക്കാരനായിരുന്നു. വിക്കിലീക്സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് അഫ്ഗാന്‍ യുദ്ധരഹസ്യങ്ങള്‍ ലാദന്‍ ഒരു സിഐ‌എ ഏജന്റ് ആണെന്ന് തെളിയിക്കുന്നു എന്നും കാസ്ട്രോ അഭിപ്രായപ്പെട്ടു. എന്നാല്‍, അതെകുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയില്ല.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ‘ഗ്രാന്‍‌മ’യിലാണ് കാസ്ട്രോയുടെ വിവാദ പ്രസ്താവന വന്നത്. ലോകം ആണവ യുദ്ധത്തിന്റെ പടിവാതില്‍ക്കലാണെന്ന് അടുത്തകാലത്ത് ഒരു പൊതു പരിപാടിയില്‍ സംബന്ധിക്കവെ കാസ്ട്രോ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :