സര്‍ദാരിക്കു നേരെ ഷൂ ഏറ്!

ബിര്‍മിംഗ്‌ഹാം| WEBDUNIA|
PRO
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് ആലി സര്‍ദാരിക്കു നേരെ ഇംഗ്ലണ്ടില്‍ ഷൂ ഏറ്. ബിര്‍മിംഗ്‌ഹാമില്‍ പിപിപി അംഗങ്ങളും ബ്രിട്ടണിലെ പാക് സമൂഹവും പങ്കെടുത്ത ഒരു യോഗത്തില്‍ വച്ചായിരുന്നു സംഭവം നടന്നത്. വെള്ളപ്പൊക്കം പാകിസ്ഥാനെ പ്രതികൂലമായി ബാധിച്ച സമയത്ത് പ്രസിഡന്റ് വിദേശ സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഷൂ ഏറ്.

ഞായറാഴ്ച മൂവായിരത്തോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ തന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുമ്പോഴാണ് സര്‍ദാരിക്കു നേര്‍ക്ക് ഷൂ പറന്ന് വന്നത്. എന്നാല്‍, ഷൂ സര്‍ദാരിയുടെ അടുത്ത് എത്തിയില്ല എന്ന് പൊലീസ് വെളിപ്പെടുത്തി. എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഞായറാഴ്ച നടന്ന യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലായിരുന്നു.

സര്‍ദാരിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധമുയര്‍ത്തി ഒരു സംഘം പാക് വംശജര്‍ വേദിക്കു വെളിയിലായി നിലയുറപ്പിച്ചിരുന്നു. “പാകിസ്ഥാന്‍ മുങ്ങുമ്പോള്‍ പ്രസിഡന്റ് ഇംഗ്ലണ്ട് ആസ്വദിക്കുന്നു“, “ആയിരങ്ങള്‍ മരിക്കുമ്പോള്‍ പ്രസിഡന്റ് അവധിക്കാലം ആഘോഷിക്കുന്നു” എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

നിലവില്‍, എല്ലാ അധികാരവും പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കാണ്. സെനറ്റ് കൂടുന്ന സമയമായതിനാല്‍ എല്ലാ മുഖ്യമന്ത്രിമാരും പാര്‍ലമെന്റില്‍ ഉണ്ടെന്നും സര്‍ദാരി വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. താന്‍ എല്ലാ നേതാക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും സര്‍ദാരിയുടെ വക്താക്കള്‍ പറയുന്നു. ഇംഗ്ലണ്ടിലെ പാകിസ്ഥാന്‍ വംശജര്‍ പ്രളയ ദുരിതാശ്വാസത്തിന് വേണ്ട സഹായം നല്‍കണമെന്ന് സര്‍ദാരി യോഗത്തില്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :