പീഡനം: പുരോഹിതന് 20 വര്‍ഷം തടവ്

സിഡ്നി| WEBDUNIA| Last Modified വെള്ളി, 2 ജൂലൈ 2010 (14:17 IST)
പതിനെട്ട് വര്‍ഷക്കാലം ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കത്തോലിക്ക പുരോഹിതന് ഓസ്ട്രേലിയന്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജോണ്‍ സിഡ്നി ഡെന്‍‌ഹാം എന്ന 67 വയസ്സുള്ള പുരോഹിതനാണ് തടവ് ശിക്ഷ ലഭിച്ചത്.

വ്യക്തമായ പദ്ധതികളിലൂടെയാണ് ഡെന്‍‌ഹാം പലപ്പോഴും കുട്ടികളെ പീഡനത്തിരയാക്കിയത് എന്നും പീഡിതരായ കുട്ടികള്‍ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് എന്നും സിഡ്നി ഡൌണിംഗ് സെന്റര്‍ ജില്ലാകോടതി ജഡ്ജി ഹെലന്‍ സെനെ വിധിപ്രസ്താവിക്കുമ്പോള്‍ പറഞ്ഞു. ഡന്‍‌ഹാം തന്റെ പ്രവര്‍ത്തി അസാ‍ന്മാര്‍ഗികമായിരുന്നു എന്ന് സ്വമേധയാ സമ്മതിച്ചിട്ടുള്ളതും ജഡ്ജി ചൂണ്ടിക്കാട്ടി.

1968-1986 കാലഘട്ടത്തിലാണ് ഡെന്‍‌ഹാം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഡെന്‍‌ഹാം അസാന്‍‌മാര്‍ഗിക പ്രവര്‍ത്തികള്‍ക്ക് ഇരയാക്കിയിരുന്നത്.

പുരോഹിതനെതിരെ 39 പേരാണ് പരാതി നല്‍കിയിരുന്നത്. ഡെന്‍‌ഹാമിനെതിരെയുള്ള കുറ്റങ്ങള്‍ വിശദീകരിക്കാന്‍ ജഡ്ജി മൂന്ന് മണിക്കൂര്‍ സമയമെടുത്തു. പുരോഹിതനെതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ 19 വര്‍ഷവും 10 മാസവും നീളുന്ന തടവ് ശിക്ഷ നല്‍കാനാണ് കോടതി വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :