‘ചരിഞ്ഞ ഗോപുരം’ പിസ ഗോപുരമല്ല!

അബുദബി| WEBDUNIA|
PRO
ചരിവിന്റെ മഹത്വവുമായി വിലസിയിരുന്ന ഇറ്റലിയിലെ പിസ ഗോപുരം ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി ഇനി അറിയപ്പെടില്ല. കാരണം, പിസയെ പിന്തള്ളി ലോകത്തിലെ ഏറ്റവും കൂടുതല്‍ ചരിവുള്ള മനുഷ്യ നിര്‍മ്മിതിയായി അബുദബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ് ടവറി’നെ ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ചു.

പിസ ഗോപുരത്തിന് 5.5 ഡിഗ്രിയാണ് ചരിവ്. എന്നാല്‍ അബുദബി നാഷണല്‍ എക്സിബിഷന്‍സ് കമ്പനി 18 ഡിഗ്രി ചരിവോടെയാണ് ക്യാപിറ്റല്‍ ഗേറ്റ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 524 അടി ഉയരമുള്ള ഈ ആധുനിക ലോകാത്ഭുതത്തിന്റെ നിര്‍മ്മാണം 2010 അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

മൊത്തം 35 നിലകളുള്ള ക്യാപിറ്റല്‍ ഗേറ്റിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഇതിനുള്ളില്‍ പഞ്ച നക്ഷത്ര ഹോട്ടലും ഓഫീസുകളും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അതേസമയം, 183.37 അടി പൊക്കമുള്ള പിസ ഗോപുരത്തിന് എട്ട് നിലകള്‍ മാത്രമാണ് ഉള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും യു‌എ‌ഇയില്‍ തന്നെയാണ്. ഈ ബഹുമതി സ്വന്തമാക്കിയ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :