രണ്ട് വയസ്സുകാരന്‍ വലിക്കുന്നത് ദിവസം 40 സിഗരറ്റ്

ജക്കാര്‍ത്ത| WEBDUNIA|
PRO
PRO
“പുകവലി ആരോഗ്യത്തിന് ഹാനികരം“ എന്ന് വായിക്കാന്‍ പോലും പ്രായമാകുന്നതിന് മുമ്പേ പുകവലി തുടങ്ങിയാല്‍ എന്തുചെയ്യും? ആര്‍ദി റിസാല്‍ എന്ന കൊച്ചു പയ്യന് പ്രായം രണ്ട് വയസ്സ് മാത്രം, എന്നാല്‍ ഒരു ദിവസം അവന്‍ വലിക്കുന്നത് നാല്‍‌പതോളം സിഗരറ്റുകളാണ്.

ഇന്തോനേഷ്യയിലെ മൂസി ബാനിയുവാസിനില്‍ നിന്നാണ് കൌതുകവും അതേസമയം ഭയാനകവുമായ ഈ വാര്‍ത്ത. 18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് ആര്‍ദിക്ക് പിതാവ് മൊഹമ്മദ് സിഗരറ്റിന്‍റെ ഗന്ധം അറിയാനുള്ള അവസരം നല്‍കിയത്. ഇപ്പോള്‍ ആര്‍ദിക്ക് സിഗരറ്റ് വാങ്ങാന്‍ വേണ്ടി മാത്രം മാതാപിതാക്കള്‍ ഒരു ദിവസം ചെലവിടുന്നത് 3.78 പൌണ്ടാണ്.

തന്‍റെ മകന്‍ പൂര്‍ണമായും പുകവലിക്ക് അടിമയായതില്‍ ആര്‍ദിയുടെ അമ്മ ദിയാന ആകെ അങ്കലാപ്പിലാണ്. “സിഗരറ്റ് ലഭിച്ചില്ലെങ്കില്‍ അവന്‍ വെപ്രാളം കാണിക്കുകയും ചുമരില്‍ ചെന്ന്‌ തലയിട്ടിടിക്കുകയും ചെയ്യും. സിഗരറ്റ് വലിച്ചില്ലെങ്കില്‍ തലവേദനയുണ്ടാവുന്നുവെന്നാണ് അവന്‍ പറയുന്നത്“ - ഇരുപത്തിയാറുകാരിയായ ദിയാന വിതുമ്പിക്കൊണ്ട് പറഞ്ഞു. എന്നാല്‍ ആര്‍ദിയുടെ ഈ സ്വഭാവത്തില്‍ പിതാവ് മൊഹമ്മദിന് വലിയ ആശങ്കകളൊന്നുമില്ല.

ഒരു ബ്രാന്‍ഡ് മാത്രം വലിക്കാനാണ് ആര്‍ദിക്കിഷ്ടം. ആര്‍ദിയുടെ പുകവലി മാറ്റിയെടുക്കാന്‍ അധികൃതരും വലിയ താല്‍‌പര്യമാണ് കാണിക്കുന്നത്. കുട്ടി പുകവലി മാറ്റുകയാണെങ്കില്‍ ഒരു കാറ് വാങ്ങിത്തരാമെന്നാണ് ആര്‍ദിയുടെ കുടുംബത്തിന് അധികൃതര്‍ നല്‍കിയ വാഗ്ദാനം.

കുട്ടികള്‍ക്കിടയിലെ പുകവലി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നറിയുന്നു. ഇന്തോനേഷ്യയില്‍ മൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25 ശതമാനം പേരും സിഗരറ്റ് വലിച്ചിട്ടുള്ളവരോ തുടര്‍ച്ചയായി വലിക്കുന്നവരോ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :