പാകിസ്ഥാന്‍ റദ്ദാക്കിയത് 800 സൈറ്റുകള്‍

ഇസ്ലാമാബാദ്| WEBDUNIA|
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുകള്‍ വന്നതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ റദ്ദാക്കിയത് 800 സൈറ്റുകളാണ്. മതത്തെ ആക്ഷേപിക്കുന്ന സൈറ്റുകളെല്ലാം റദ്ദാക്കിയതായി പാകിസ്ഥാനിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അറിയിച്ചു. നേരത്തെ, ലാഹോര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫേസ്ബുക്ക് നിരോധിച്ചത്.

ഇതിന് തൊട്ടുപിറകെ യൂട്യൂബ്, ട്വിറ്റര്‍, ബ്ലാക്ക് ബെറി സര്‍വീസുകള്‍, ഫ്ലിക്കര്‍, വിക്കിപീഡിയ സേവനങ്ങളും റദ്ദാക്കി.
അതേസമയം, പാക്കിസ്ഥാനില്‍ വിവാദത്തിനിടയാക്കിയ ഫേസ്ബുക്ക് പേജ്‌ പിന്‍വലിച്ചു. പ്രവാചകനായ മുഹമ്മദ്‌ നബിയുടെ ചിത്രം വരയ്ക്കാന്‍ ഒരു അമേരിക്കന്‍ വനിതാ കാര്‍ട്ടൂണിസ്റ്റ്‌ ആരംഭിച്ച മത്സരമാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌.

ദൈവത്തെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സൈറ്റുകളില്‍ ഉണ്ടെന്ന് കാണിച്ചാണ് നടപടി. ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന ഉപയോക്തള്‍ക്ക് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന അറിയിപ്പാണ് ലഭിക്കുന്നത്. മൊബൈല്‍ വഴിയുള്ള നെറ്റ് ഉപയോഗവും പാകിസ്ഥാനില്‍ തടഞ്ഞിരിക്കുകയാണ്.

നെറ്റ് സേവനം ലഭ്യമായ സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ പാകിസ്ഥാനില്‍ മതാചാരങ്ങള്‍ക്ക് എതിരായതും അശ്ലീല ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. യുവാക്കളെ വഴിത്തെറ്റിക്കുന്ന മൊബൈല്‍ നെറ്റ് സേവനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :