‘ഹോളിവുഡ്’ ഹോട്ടല്‍ യാഥാര്‍ത്ഥ്യമാകുമോ?

ലോസ്‌ഏഞ്ചല്‍‌സ്| WEBDUNIA|
PRO
കാലിഫോര്‍ണിയയിലെ ലോസ്‌ഏഞ്ചല്‍‌സിലുള്ള വിശ്വപ്രസിദ്ധമായ ‘ഹോളിവുഡ്’ ചിഹ്നം ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കിയാലോ എന്നാണ് ഡാനിഷ് വാസ്തു ശില്‍പ്പിയായ ക്രിസ്ത്യന്‍ ബേ-ജോര്‍ഗെന്‍സന്‍ ആലോചിക്കുന്നത്. ഇതിനായി അദ്ദേഹം മനോഹരങ്ങളായ രൂപരേഖകളും തയ്യാറാക്കി കഴിഞ്ഞു.

ലോസ്‌ഏഞ്ചല്‍‌സ് നഗരത്തിന്റെ അതിമനോഹരമായ കാഴ്ച ലഭിക്കത്തക്ക രീതിയില്‍ 10 നില ഹോട്ടലാണ് ക്രിസ്ത്യന്‍ ബേയുടെ രൂപരേഖയിലുള്ളത്. ചിഹ്നത്തിലെ അക്ഷരങ്ങള്‍ക്കുള്ളില്‍ ഹോട്ടല്‍ മുറികളും പിന്നില്‍ ബാറും, നീന്തല്‍ക്കുളവും, ഭക്ഷണശാലയും അടക്കമുള്ള സൌകര്യങ്ങളും ക്രമീകരിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഈ വിശ്വോത്തര ചിഹ്നത്തിന്റെ ഓരോ അക്ഷരത്തിനും 45 അടി ഉയരമാണ് ഉള്ളത്. എന്നാല്‍, ഇതിന്റെ ഉയരം ഇരട്ടിയിലധികം കൂട്ടി 105 അടിയാക്കണമെന്നാണ് ക്രിസ്ത്യന്‍ ബേ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ 308 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഓരോ അക്ഷരത്തിനു മുകളിലും ടെറസുകളും ഈ 28 കാരനായ വാസ്തു ശില്‍പ്പി വിഭാവനം ചെയ്യുന്നു.

ഹോളിവുഡിലെ താരങ്ങളുടെയും സ്റ്റുഡിയോകളുടെയും കേന്ദ്രമായ ഇവിടേക്ക് ആഗോള വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ തന്റെ ആശയം സഹായിക്കുമെന്നാണ് ക്രിസ്ത്യന്‍ ബേ അഭിപ്രായപ്പെടുന്നത്. എന്തായാലും ക്രിസ്ത്യന്‍ ബേയുടെ ‘കിടിലന്‍’ പദ്ധതി പ്രാവര്‍ത്തികമാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :