ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍‌ മരിച്ചു

ലണ്ടന്‍‌| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു. ചൈനാക്കാരനായ ഹി പിം‌ഗ്പിംഗ് ആണ് തന്‍റെ 21 മത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടടി അഞ്ച് ഇഞ്ചായിരുന്നു (75 സെന്‍റീമീറ്റര്‍) ഗിന്നസ് ബുക്ക് റെക്കോഡിനുടമായിയിരുന്ന പിംപിംഗിന്റെ ഉയരം.

വളര്‍‌ച്ച മുരടിപ്പിക്കുന്ന പ്രിമോര്‍‌ഡിയല്‍‌ ഡ്വാര്‍‌ഫിസം എന്ന രോഗമായിരുന്നു പിം‌ഗ്പിംഗിന്. റോമില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമാ‍യ തകരാറുകളെ തുടര്‍‌ന്ന് പിംഗ് ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.

വടക്കന്‍ ചൈനയിലെ മംഗോളിയന്‍ പ്രദേശത്ത് ജനിച്ച പിംഗിന് ജനിച്ച സമയത്ത് തന്‍റെ ഉള്ളം‌കൈയ്യില്‍ ഒതുങ്ങാനുള്ള വലിപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്‍റെ പിതാവ് ഹീ യുന്‍ പറഞ്ഞു. പിം‌ഗ് പിംഗ് കുസൃതിക്കാരനും വളരെ ഊര്‍‌ജ്ജസ്വലനുമായ വ്യക്തിയായിരുന്നുവെന്ന് ഗിന്നസ് ലോക റെക്കോര്‍‌ഡിന്റെ എഡിറ്റര്‍‌-ഇന്‍‌-ചീഫായ ക്രെയ്‌ഗ് ഗ്ലെന്‍‌ഡി പറഞ്ഞു. ശാരീരികവൈകല്യമുള്ളവര്‍‌ക്കൊക്കെ പിംഗ് വളരെയേറെ പ്രചോദനം നല്‍‌കിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഫെബ്രുവരിയില്‍‌ നേപ്പാളിയായ 18 കാരന്‍‌ ഖഗേന്ദ്ര താപ്പാ മാഗറിന്‍ ലോകത്തിലെ ഏറ്റവും കുറിയ മനുഷ്യനായി ഗിന്നസ് ബുക്കിലിടം നേടാന്‍ താനാണ് അര്‍ഹതപ്പെടുന്നതെന്ന് അവകാശപ്പെട്ടിരുന്നു. 51 സെന്റിമീറ്ററാണ് ഇയാളുടെ ഉയരം. 2008ലാണ് പിംഗ് ഏറ്റവും കുറിയമനുഷ്യനെന്ന റെക്കോര്‍ഡുമായി ഗിന്നസില്‍ കയറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :