ഇന്ത്യന്‍ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തിട്ടില്ല: ചൈന

ബീജിംഗ്| WEBDUNIA|
ചൈനയിലെ ഹാക്കര്‍മാര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്ന ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ആരോപണം നിഷേധിച്ചു. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിച്ചു. ദേശസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്റെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ലക്‍ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തനം നടത്തിയെന്ന് അദ്ദേഹം പറഞ്ഞതായി ഒരു ബ്രിട്ടീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“ഈ ആരോപണം അടിസ്ഥാനരഹിതമാണ്” - ചൈനയുടെ വിദേശകാര്യ വക്താവ് മാ സാക്സു പറഞ്ഞു. ഹാക്ക് ചെയ്യുന്നതു പോലെയുള്ള പ്രവര്‍ത്തനങ്ങളോട് ചൈന എതിരാണെന്നും ഹാക്കിംഗ് പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഇര ചൈനയാണെന്നും മാ സാക്സു വിശദീകരിച്ചു.

ഹാക്കര്‍മാര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള യുഎസ് പ്രതിരോധ, സാമ്പത്തിക, സാങ്കേതികവിദ്യാ കമ്പനികളെ ആക്രമിച്ച ഡിസംബര്‍ 15 ന് തന്നെയായിരുന്നു തന്റെ ഓഫീസിനെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയത് എന്നും ഇത് ആദ്യ തവണയല്ല ഇന്ത്യന്‍ കമ്പ്യൂട്ടറുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതെന്നും നാരായണന്‍ ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പിഡി‌എഫ് അറ്റാച്ച്‌മെന്റോടു കൂടിയ ഇ-മെയില്‍ അയയ്ക്കുന്ന ഹാക്കര്‍മാര്‍ അതിനോടൊപ്പം ട്രോജന്‍ വൈറസ് ഫയലുകളും ഉള്‍പ്പെടുത്തുകയാണ് സാധാരണ രീതി. ഹാക്കര്‍മാരെ ഫയലുകള്‍ ഡൌണ്‍‌ലോഡ് ചെയ്യാനോ ഇല്ലാതാക്കാനോ സഹായിക്കുന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ ഇല്ലാതാക്കുന്നത് വരെ കമ്പ്യൂട്ടറുകളില്‍ ലോഗ്‌ഓണ്‍ ചെയ്യരുത് എന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും നാരായണന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വൈറസിന്റെ ഉറവിടം വ്യക്തമല്ല എന്നിരുന്നാലും ചൈനയെ ആണ് വ്യക്തമായി സംശയിക്കാവുന്നത് എന്ന് നാരായണന്‍ പറഞ്ഞു. നാരായണന്‍റെ ഈ ആരോപണത്തെയാണ് ചൈന തള്ളിക്കളഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :