ഇസ്ലാമാബാദ്|
WEBDUNIA|
Last Modified വെള്ളി, 15 ജനുവരി 2010 (15:24 IST)
PRO
അഫ്ഗനിസ്ഥാനില്‍ യുഎസ് സേന നടത്തിയ താലിബാന്‍ വിരുദ്ധ പോരാട്ടങ്ങളെ സഹയിക്കാനായി രാജ്യത്തെ നിരവധി വ്യോമത്താവളങ്ങള്‍ തുറന്നുകൊടുത്തിരുന്നതായി പാകിസ്ഥാന്‍ സമ്മതിച്ചു. എന്നാല്‍ നിലവില്‍ പാകിസ്ഥാനിലെ ഒരു വ്യോമത്താവളവും വിദേശ സേനകള്‍ ഉപയോഗിക്കുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ചൌധരി അഹമ്മദ് മുഖ്താര്‍ പറഞ്ഞു.
പാകിസ്ഥാനിലെ എല്ലാ എയര്‍ബേസുളും യുഎസ് സേന ഒഴിവാക്കിയതായി സെനറ്റില്‍ ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം അറിയിച്ചു. ബലൂചിസ്ഥാനിലെ ഷംസി എയര്‍ബേസ് അഫ്ഗാന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ യുഎസ് സേന ഉപയോഗിക്കുന്നുണ്ടെന്നും അത് ഇപ്പോഴും തുടരുന്നതായും രണ്ട് ദിവസം മുമ്പ് ഒരു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് വിശദീകരണമായാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഷാംസി, ജക്കോബാബാദ്, പാസ്നി തുടങ്ങിയ എയര്‍ബേസുകളെല്ലാം യുഎസ് സേന വളരെ നേരത്തെതന്നെ ഒഴിവാക്കിയതായി മന്ത്രി വ്യക്തമാക്കി. 2001 ല്‍ അഫ്ഗാന്‍ യുദ്ധം ആരംഭിച്ചതുമുതലാണ് യുഎസിന്‍റെ പ്രത്യേക ഭീകര വിരുദ്ധ സേന പാകിസ്ഥാനിലെ മിരവധി എയര്‍ബേസുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2006ല്‍ യുദ്ധമവസാനിച്ച ശേഷം യുഎസ് സേന പാക് ബേസുകള്‍ ഉപേക്ഷിച്ചതായി പാക് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ അതിന് ശേഷവും യുഎസ് സേന ഷാംസി എയര്‍ബേസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് വ്യോമാക്രമണം ബലൂചിസ്ഥാനിലേക്ക്കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ എയര്‍ബേസ് ഉപേക്ഷിക്കാന്‍ യുഎസിനോട് ആവശ്യപ്പെടണമെന്ന് പാക് നയതന്ത്ര വിദഗ്ദ്ധര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
കറാച്ചിക്ക് 480 കിലോമീറ്റര്‍ അകലെ ജക്കോബാബാദിന് സമീപമുള്ള ഷാഹ്‌ബാസ് എയര്‍ബേസാണ് യുഎസ് സേന അവസാനം ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001 ല്‍ യുഎസിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് രാജ്യത്തെ വ്യോമതാവളങ്ങള്‍ തുറന്നുകൊടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായത്.