അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ യുഎന്‍ അതിഥിമന്ദിരത്തില്‍ തീവ്രവാദി ആക്രമണമുണ്ടായി. ആറ് യു എന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. രാവിലെയായിരുന്നു സംഭവം.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന രണ്ടാം ഘട്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ശിഥിലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കി. ആക്രമണം നടക്കുമ്പോള്‍ ഇരുപത് യു എന്‍ പ്രതിനിധികള്‍ അതിഥിമന്ദിരത്തിലുണ്ടായിരുന്നു.
ആക്രമണം തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും കെട്ടിടത്തില്‍ നിന്ന് വെടിയൊച്ചകള്‍ മുഴങ്ങുന്നുണ്ടായിരുന്നു. മൂന്ന് തവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതിഥിമന്ദിരത്തിലെ ആക്രമണത്തിന് ശേഷം സമീപമുള്ള സെറീന ആഢംബര ഹോട്ടല്‍ സമുച്ചയത്തില്‍ ഒരു റോക്കറ്റും പതിച്ചു. നിരവധി വിദേശികള്‍ താമസിക്കുന്ന ഹോട്ടലാണിത്. പൊട്ടിത്തെറിച്ചില്ലെങ്കിലും റോക്കറ്റ് പതിച്ച ശേഷം ഹോട്ടലിന്‍റെ ലോബി മുഴുവന്‍ പുകപടലങ്ങളാല്‍ നിറഞ്ഞിരുന്നു.
അതിഥിമന്ദിരത്തിനുള്ളീല്‍ പ്രവേശിച്ച തീവ്രവാദികള്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തീവ്രവാദികള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആറരയോടെയാണ് വെടിവെയ്പ് ആരംഭിച്ചത്.