ഇസ്ളാമബാദില്‍ വേശ്യാലയങ്ങള്‍ക്ക് കഷ്ടകാലം

ഇസ്ളാമബാദ്| WEBDUNIA|

പാകിസ്ഥാനില്‍ തലസ്ഥാനമായ ഇസ്ളാമബാദില്‍ പ്രവര്‍ത്തിക്കുന്ന വേശ്യാലയങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നു. യാഥാസ്ഥിക മുസ്ളീം പുരോഹിതരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.

പാകിസ്ഥാനില്‍ ഇസ്ളാമിക വിപ്ളവം സംഘടിപ്പിക്കുമെന്ന് ഈയിടെ തീവ്രവാദി മുസ്ളീം പുരോഹിതര്‍ ഭീഷണി മുഴക്കിയിരുന്നു. ശരീ അത് നിയമം നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഖാസി കോടതിയും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇസ്ളാമബാദിലെ ഏറ്റവും വലിയ മദ്രസ നിയന്ത്രിക്കുന്ന ലാല്‍ മസ്ജിദിലെ പുരോഹിതരാണ് യാഥാസ്ഥിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഇവരുടെ നിര്‍ദ്ദേശങ്ങളില്‍ ഒരെണ്ണമെങ്കിലും പാലിച്ച് ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

യാഥാസ്ഥിക പുരോഹിതരും താലിബാന്‍ അനുകൂലികളുമായ അബ്ദുള്‍ അസീസ്, അബ്ദുള്‍ റഷീദ് ഗാസി എന്നിവരുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ മുസ്ളീം ലീഗ് -ക്യു പ്രസിഡന്‍റ് ഷുജാത് ഹുസൈനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പാക് സര്‍ക്കാര്‍. വസ്തുതകള്‍ കണക്കിലെടുത്ത ശേഷം വേശ്യാലയങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഹുസൈന്‍ വെളിപ്പെടുത്തി.

യഥാസ്ഥിക മുസ്ളീം പുരോഹിതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രസിഡന്‍റ് പര്‍വേശ് മുഷാറഫും പ്രധാനമന്ത്രി ഷൗക്കത് അസീസും പങ്കെടുത്ത യോഗത്തില്‍ ഹുസൈന്‍ സംബന്ധിച്ചിരുന്നു.പ്രശ്നം പരിഹരിക്കാമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വേശ്യാലയങ്ങള്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് അടച്ചു പൂട്ടുക തന്നെ ചെയ്യുമെന്ന് ഹുസൈന്‍ പറഞ്ഞു. ഇസ്ളാമബാദില്‍ 26 വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജാമിയ ഹഫ￵ മദ്രസ അധികൃതര്‍ പറയുന്നത്.

അടുത്തിടെ ഇസ്ളാമബാദിലെ ഒരു കൂട്ടം മദ്രസ വിദ്യാര്‍ത്ഥിനികള്‍ ഒരു വേശ്യാലയത്തില്‍ കടന്നുകയറി അതിന്‍റെ നടത്തിപ്പുകാരിയെ തട്ടിക്കൊണ്ടു പോയിരുന്നു. മറ്റൊരു സംഭവത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ സി ഡി കടകളിലും മറ്റും കടന്നു കയറി കാസറ്റുകളും മറ്റും നശിപ്പിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :