പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ സുനിതയെത്തി

വാഷിംഗ്ടണ്‍| WEBDUNIA|
ഉദ്വേഗഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ അറ്റ്ലാന്‍റിസ് ഭൂമിയെ തൊട്ടു. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത്യാ വില്യംസ് അടക്കം ഏഴ് സഞ്ചാ‍രികളുമായി അറ്റ്ലാന്‍റിസ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ് എയര്‍ഫോഴ്സ് ബേസില്‍ തിരിച്ചിറങ്ങി.ഇന്ത്യന്‍ സമയം, വെള്ളിയാഴ്ച രാത്രി 1.19നാണ് അറ്റ്ലാന്‍റിസ് ഭൂമിയിലിറങ്ങിയത്.

ഇതോടെ സുനിതാ വില്യംസ് 188 ദിവസത്തിലധികം ബഹിരാ‍കാശത്ത് ചെലവഴിച്ച് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തിയെന്ന റെക്കാഡിനുടമയായി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയും സുനിതയാണ്. ഏപ്രിലില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് സുനിത മാരത്തോണിലും പങ്കെടുത്തിരുന്നു.

അറ്റ്ലാന്‍റിസ് വ്യാഴാഴ്ച നിലത്തിറക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇടിമിന്നലും കാര്‍മേഘങ്ങളും വിഘാതം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നിലത്തിറങ്ങാനുളള തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു. നിലത്തിറങ്ങാന്‍ രണ്ട് വട്ടം ശ്രമിച്ചെങ്കിലും കാലാവസ്ഥ അനുകൂ‍ലമായില്ല.

ഞായറാഴ്ച വരെ ബഹിരാകാശത്ത് തങ്ങാന്‍ ആവശ്യമായ ഇന്ധനം അറ്റ്ലാന്‍റിസിലുണ്ടായിരുന്നു. മുമ്പ് കൊളംബിയ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് അറ്റ്ലാന്‍റിസ് നിലത്തിറങ്ങുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :