സുനിത റെക്കാഡ് സൃഷ്ടിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ചരിത്രത്തിലേക്ക്. ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി ബഹിരാകാശത്ത് തങ്ങുന്ന വനിതയെന്ന ബഹുമതിയാണ് സുനിതയ്ക്ക് കൈവന്നിരിക്കുന്നത്.

188 ദിവസവും നാല് മണിക്കൂറും ബഹിരാകാശത്ത് കഴിഞ്ഞ ഷാനോന്‍ ലൂസിഡിന്‍റെ റെക്കാഡാണ് സുനിത ശനിയാഴ്ച മറികടന്നത്. ഷാനോന്‍ 1996ലായിരുന്നു ഈ റെക്കാഡ് സ്ഥാപിച്ചത്. ഡിസംബര്‍ 10നാണ് സുനിത ബഹിരാകാശ ദൌത്യം ആരംഭിച്ചത്.

എന്നാല്‍, സുനിത സ്ഥാപിക്കുന്ന ആദ്യ റെക്കാഡല്ല ഇത്. ബഹിരാകാശത്ത് 29 മണിക്കൂറും 17 മിനിട്ടും നടന്ന് സുനിത ഇതിനകം റെക്കാഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യമായിരുന്നു ഇത്. ഏപ്രിലില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് മാരത്തോണില്‍ പങ്കെടുത്ത് സുനിത മറ്റൊരു റെക്കാഡിനുടമയായിരുന്നു. നാല് മണിക്കൂറും 24 മിനിട്ടും കൊണ്ടാണ് സുനിത മാരത്തോണ്‍ അവസാനിപ്പിച്ചത്.

അതിനിടെ, കഴിഞ്ഞ ദിവസം യാത്രികര്‍ അറ്റ്ലാന്‍റിസ് പേടകത്തിന്‍റെ താപ കവചത്തിന്‍റെ കേടുപാടുകള്‍ പരിഹരിച്ചതായി വാര്‍ത്തയുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ രണ്ട് മുഖ്യ കമ്പ്യൂട്ടറുകളുടെ തകരാറും പരിഹരിച്ചതായി നാസ വക്താവ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :