മോഹന്‍ലാലിന് കേണല്‍ പദവി നഷ്ടപ്പെടും!

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ സാന്നിധ്യത്തില്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂറില്‍ നിന്ന് പ്രിയതാരം മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി സ്വീകരിച്ചപ്പോള്‍ മലയാളികള്‍ ആനന്ദപുളകിതരായി. എന്നാല്‍ ലാലിന് ലഭിച്ച കേണല്‍ പദവി തിരിച്ചെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും നടപടി എന്നറിയുന്നു.

2010 ഡിസംബര്‍ 1 മുതല്‍ 2011 ജനുവരി 15 വരെ നീണ്ട ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനായി മോഹന്‍ലാല്‍ തനിക്ക് ലഭിച്ച കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. പദവിക്ക് നിരക്കാത്ത തരത്തിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, ലഫ്റ്റ്‌നന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ടയേഡ് ബ്രിഗേഡിയര്‍ സിപി ജോഷിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ലാല്‍ വാങ്ങിയത് അമ്പത് ലക്ഷം രൂപയാണെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരള സര്‍ക്കാരില്‍ നിന്നാണ് ഇത്രയും പണം മോഹന്‍ലാല്‍ പ്രതിഫലമായി സ്വീകരിച്ചതത്രെ. യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രചാരണ പരിപാടികളില്‍ മാത്രം ഉപയോഗിക്കേണ്ട പദവി ധനസമ്പാദനത്തിനായി വിനിയോഗിച്ചുവെന്നും പദവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചുവെന്നും ആണ് പരാതിക്കാരന്റെ ആരോപണം.

മോഹന്‍ലാലിന് കേണല്‍ പദവി കിട്ടാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും കാരണക്കാരനായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് മോഹന്‍ലാലിന്റെ ചില ചെയ്തികള്‍ ആന്റണിക്ക് രുചിച്ചിട്ടില്ല എന്ന് അണിയറ വര്‍ത്തമാനമുണ്ട്. എത്ര സമ്പാദിച്ചുവെന്ന് മറച്ചുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ആദായനികുതി വെട്ടിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ ആന്റണി ഏറെ അസ്വസ്ഥനായിരുന്നു എന്നറിയുന്നു. ഇപ്പോള്‍ ഒരു പട്ടാളക്കാരന്‍ തന്നെ ലാലിനെതിരെ പരാതി നല്‍‌കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ശന നിലപാട് എടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് ആന്റണി ആവശ്യപ്പെടും എന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :