മാക് അലി യുഡിഎഫില്‍?

WEBDUNIA|
PRO
PRO
ഏറെ വിവാദങ്ങള്‍ക്കും ‘തെറി’ പ്രസ്താവനകള്‍ക്കും ശേഷം മാക് അലി എന്ന മഞ്ഞളാം കുഴി അലി ഐക്യ ജനാധിപത്യ മുന്നണിയിലേക്ക്. ഇടത് ക്യാമ്പ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തി കഴിഞ്ഞു. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി പി എമ്മുമായുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി.

ഇടത് ക്യാമ്പിലെ തന്റെ ഉറ്റസുഹൃത്തുക്കള്‍ പോലും തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതാണ് പെട്ടെന്ന് ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സി പി എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയും സി പി എം സംസ്ഥാന നേതാവ് ടി കെ ഹംസയും എ വിജയരാഘവന്‍ എം പിയും അലിക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.

സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുമ്പോഴാണ് നാം ഏറ്റവും കൂടുതല്‍ വേദനിക്കുന്നതെന്ന് അലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുസ്‌ലിംലീഗിന്റെ സ്ഥിരം മണ്ഡലമായ മങ്കടയില്‍ മൂന്ന് തവണ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും രണ്ടു തവണ ജയിച്ച് എം എല്‍ എയാവുകയും ചെയ്ത മഞ്ഞളാംകുഴി അലി പെട്ടെന്നാണ് ഇടതിന്റെ അത്ഭുത പുത്രനായി മാറിയത്.

മലപ്പുറത്തെ മണ്ണ് ചുവപ്പിച്ചു തുടങ്ങിയ അലി ഇടതിന് സാമ്പത്തികപരമായും ജനപ്രിയനമായിരുന്നു. മങ്കടയില്‍ തുടങ്ങിയ അട്ടിമറി മഞ്ചേരിയിലും മലപ്പുറത്തും കുറ്റിപ്പുറത്തുമെല്ലാം ആവര്‍ത്തിച്ചതോടെ അലിയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. പക്ഷേ, കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് എവിടെയും ആരും ചുവന്നിട്ടില്ലെന്ന് സി പി എം നേതാക്കള്‍ക്ക് ബോധ്യമായി. ഇതോടെ അലിക്കെതിരെയുള്ള ആക്രമണവും തുടങ്ങി. മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗിന്റെ മരണമണി മുഴക്കി തുടങ്ങിയ അലി മുസ്‌ലിംലീഗിന്റെ കാരണവരായിരിക്കുന്നു എന്ന് ആരോപിച്ച് പ്രസ്താവനകള്‍ വന്നു തുടങ്ങി.

പിന്നീട് അലിയെ ഇടതു വേദിയിലെങ്ങും കണ്ടിട്ടില്ല. അലിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചക്കെത്തുന്നത് മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കളായി. അതെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് മങ്കടയില്‍ ആരു ജയിക്കുമെന്ന് പ്രവചിക്കാനും സ്ഥനാര്‍ഥികളെ നിര്‍ത്താനും ധൈര്യമുള്ള ഏക വ്യക്തി അലിയായി മാറിയിരിക്കുന്നു.

മുന്‍മന്ത്രിയും ലീഗിലെ ജനപ്രിയ നേതാവ് കൂടിയായ എം കെ മുനീറിനെതിരെ ചരിത്രവിജയം നേടിയ അലിക്ക് മന്ത്രിസ്ഥാനം വരെ നല്കുമെന്നു ജില്ലയിലെ സി പി എം നേതൃത്വവും സംസ്ഥാന നേതാക്കളും ഉറപ്പു നല്കിയിരുന്നു. എന്നാല്‍, ഭരണം ലഭിച്ചപ്പോള്‍ അലിയെ പൂര്‍ണമായും തഴഞ്ഞു. ഇതൊന്നും ഇടത് രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ അലിക്ക് അറിയില്ലായിരുന്നു. ഇടതിലെ നെറിക്കേടുകള്‍ക്കെതിരെ ശബ്ദിച്ചതോടെ അലിയെയും പാര്‍ട്ടിക്ക് വേണ്ടാത്തവനായി.

ഇതിന് മുമ്പ് പ്രമുഖ പത്രത്തിന്റെ സണ്‍‌ഡെ സപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പാര്‍ട്ടിക്കെതിരെ ശബ്ദിക്കാന്‍ തുടങ്ങിയത്. അഭിമുഖത്തില്‍ വി എസിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ അലിയും വി എസ് അനുഭാവിയായി. അലി നടത്തിയ പരാമര്‍ശത്തോടു രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ അന്ന് പ്രതികരിച്ചത്. കച്ചവടക്കാരനായ അലി പാര്‍ട്ടിയില്‍ കച്ചവടം നടത്തേണ്ടെന്നും അലിയെ പാര്‍ട്ടി മന്ത്രിയാക്കാമെന്ന് പറഞ്നിട്ടില്ലെന്നുമായിരുന്നു പിണറായി സഖാവിന്റെ മറുപടി.
PRO
PRO


ഇതോടെ സി പി എമ്മിലെ പിണറായിപക്ഷ ഔദ്യോഗിക നേതൃത്വവുമായി അലി അകന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി അടുത്ത ബന്ധമുള്ള അലിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാതെ ഒതുക്കാനും ശ്രമമുണ്ടായി. എന്നാല്‍, മങ്കടയിലെ പാര്‍ട്ടി അണികളില്‍ ഭൂരിപക്ഷവും അലിക്കൊപ്പമായിരുന്നു. അവര്‍ക്ക് അറിയാമായിരുന്നു. അലിയുടെ ഭാഗമാണ് ശരിയെന്ന്.

ഗള്‍ഫ് ബിസിനസും സിനിമാ നിര്‍മാണവുമായി നടന്ന അലിയെ 1996ല്‍ മുസ്ലിം ലീഗിന്റെ ചീഫ് വിപ്പും മങ്കട സ്വദേശിയുമായ കെ പി എ മജീദിനെതിരെയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. ആദ്യ പോരാട്ടത്തില്‍ തന്നെ ആയിരത്തില്‍പരം വോട്ടുകള്‍ക്കാണ് അലി പരാജയപ്പെട്ടത്. മജീദ് വിജയിച്ചെങ്കിലും ലീഗിന്റെ കുത്തക കേന്ദ്രമായ മലപ്പുറത്ത് രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അലി മുന്നേറ്റം നടത്തിയത് ലീഗിനെ ഇരുത്തി ചിന്തിപ്പിച്ചു.
എന്നാല്‍, പരാജയപ്പെട്ട അലി രാഷ്ട്രീയം വിടാതെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. 2001ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നു, അലി മത്സരിക്കുകയും ചെയ്തു. അന്ന് മൂവായിരത്തില്‍പരം വോട്ടുകള്‍ക്കാണ് അലി വിജയിച്ചത്. അങ്ങനെ അലിയെ വിജയിപ്പിച്ച് മങ്കടയിലെ ജനങ്ങള്‍ നന്ദികാട്ടി.

എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നു മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച അലിയെ സി പി എം സംസ്ഥാന, ജില്ലാ നേതൃത്വം നിര്‍ബന്ധിപ്പിച്ചാണ് മത്സരിപ്പിച്ചത്. മുന്‍ മന്ത്രി എം കെ മുനീറിനെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് മുഴുവന്‍ കാശും മുടക്കി പ്രചരണം നടത്തിയെങ്കിലും മങ്കട അയ്യായിരത്തില്‍പരം വോട്ടിന് അലിയെ വീണ്ടും ജയിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :