മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി

ബഷീര്‍ അത്തോളി

WEBDUNIA|
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാ‍ന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

ആദ്യം കശ്മീരിലാണെന്ന് മാധ്യമങ്ങളെ അറിയിച്ച തച്ചങ്കരി പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. താന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി തച്ചങ്കരി വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെയോ ആഭ്യന്തരവകുപ്പിന്‍റെയോ ഡി ജി പിയുടേയോ ചീഫ് സെക്രട്ടറിയുടേയോ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് തച്ചങ്കരിക്കെതിരെ നടപടി വരുമെന്നുറപ്പായി. എന്നാല്‍ തച്ചങ്കരിക്കെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍‌കുമാറിന്‍റെ വിദേശയാത്രകളെ പറ്റിയും അന്വേഷിക്കണമെന്ന് സി പി എം ഔദ്യോഗിക പക്ഷത്തു നിന്നും ആവശ്യമുയര്‍ന്നെങ്കിലും മുഖ്യമന്ത്രി അതു വകവച്ചില്ല. ഇതോടെ ഔദ്യോഗിക പക്ഷത്തെ പലരും തച്ചങ്കരിയെ സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമം ഉപേക്ഷിച്ചു.

ഇത് മുഖ്യമന്ത്രിയുടെ കര്‍ശനമായ നിലപാടിന്‍റെ വിജയമായിരുന്നു. അദ്ദേഹം ഡി ജി പിയെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തച്ചങ്കരിക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിച്ചത്. നടപടി എടുക്കണം എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ മന്ത്രിസഭയിലെ ആരും തയ്യാറായില്ല എന്നതും ശ്രദ്ധേയം.

തച്ചങ്കരിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിജയം വി എസ് പക്ഷത്തിന് ഉത്തേജനം പകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയായി ഇനിയുള്ള ചുരുങ്ങിയ കാലം ഔദ്യോഗികപക്ഷത്തിനെതിരായ കൂടുതല്‍ നീക്കങ്ങള്‍ക്ക് വി എസ് ശ്രമിക്കുമെന്നതിന്‍റെ സൂചനയാണ് തച്ചങ്കരി സംഭവം നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :