രവിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം!

ഷാജി രാഘവന്‍

WEBDUNIA|
PRO
കോണ്‍ഗ്രസില്‍ ഗ്രൂ‍പ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്‍ഷ്യം വച്ചാണ് നീക്കങ്ങള്‍. ഉമ്മന്‍‌ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയെയും വയലാര്‍ രവിയെയും പിന്തുണയ്ക്കുന്നവര്‍ ഉറച്ചു നില്‍ക്കുകയാണ്.

ഉമ്മന്‍‌ചാണ്ടിക്കു പകരം വയലാര്‍ രവിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ‘ഐ’ ഗ്രൂപ്പിന്‍റെ പഴയ പടക്കുതിരകളെ കൂട്ടുപിടിച്ച് വിശാല ഐ ഗ്രൂപ്പ് നിലവില്‍ വന്നിരിക്കുകയാണ്. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, സി എന്‍ ബാലകൃഷ്ണന്‍, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, കെ പി അനില്‍‌കുമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് യോഗം ചേന്നത് ഈ ലക്‍ഷ്യം മുന്നില്‍ കണ്ടാണ്.

ഉമ്മന്‍‌ചാണ്ടിയെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ എന്നു വേണമെങ്കില്‍ ഈ നീക്കത്തെ വിശേഷിപ്പിക്കാം. ഏതു ഗ്രൂപ്പായാലും, ഏത് ആശയം വച്ചു പുലര്‍ത്തുന്നവരായാലും വേണ്ടില്ല, ഉമ്മന്‍‌ചാണ്ടിയോട് എതിര്‍പ്പുണ്ടെങ്കില്‍ അതാണ് വിശാല ഐ ഗ്രൂപ്പില്‍ ഇടം നേടാനുള്ള യോഗ്യത. എന്നാല്‍ കെ കരുണാകരന്‍റെ മകള്‍ പത്‌മജ വേണുഗോപാല്‍ ഈ നീക്കത്തിലില്ല.

പത്മജ പിന്തുണയ്ക്കുന്നത് ഉമ്മന്‍‌ചാണ്ടിയെയാണ്. അതുകൊണ്ടു തന്നെ പത്മജയെ എതിര്‍ക്കുന്ന കരുണാകരവിഭാഗം നേതാവ് കോടോത്തു ഗോവിന്ദന്‍‌നായര്‍ പോലും ഇപ്പോള്‍ വയലാര്‍ രവിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ അണിചേര്‍ന്നിരിക്കുകയാണ്.

ഉമ്മന്‍‌ചാണ്ടി പക്ഷവും ദുര്‍ബലമല്ല. പത്മജ വേണുഗോപാല്‍, ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് ഉമ്മന്‍‌ചാണ്ടി പക്ഷത്തെ പ്രമുഖര്‍. വയലാര്‍ രവിയെ ഡല്‍ഹിയില്‍ തന്നെ ഉറപ്പിക്കാനും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉമ്മന്‍‌ചാണ്ടിക്കു ചുറ്റും നിലനിര്‍ത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്.
PRO


- വയലാര്‍ രവി കൂട്ടുകെട്ടിനെതിരെ ഉമ്മന്‍‌ചാണ്ടി വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് സൂചന. പരസ്യമായി ഗ്രൂപ്പുയോഗം ചേര്‍ന്ന് വിഭാഗീയത സൃഷ്ടിക്കാന്‍ ഈ സഖ്യം ശ്രമിക്കുന്നു എന്നാണ് പരാതി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന സുധീരന്‍റെയും കാര്‍ത്തികേയന്‍റെയും പ്രസ്താവനകള്‍ ഹൈക്കമാന്‍ഡിനെ രമേശ് - രവി സഖ്യത്തിനെതിരാക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ്.

മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്കും ആഗ്രഹമുണ്ട്. എന്നാല്‍ സീനിയറായ വയലാര്‍ രവിയെ ഉയര്‍ത്തിക്കാണിച്ചുള്ള പ്രവര്‍ത്തനം ഫലം കാണാനാണ് കൂടുതല്‍ സാധ്യതയെന്ന തിരിച്ചറിവാണ് തല്‍ക്കാലം പിന്നണിയില്‍ നില്‍ക്കാന്‍ രമേശിനെ പ്രേരിപ്പിക്കുന്നത്. അടുത്തു നടക്കാന്‍ പോകുന്ന യൂത്തു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന കൃത്യമായ പ്ലാനിംഗോടെയാണ് ഉമ്മന്‍‌ചാണ്ടി വിരുദ്ധര്‍ മുന്നോട്ടുപോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :