മലയാളികളുടെ ഹൃദയത്തില്‍ ഹരിമുരളീരവമൂതി വിസ്മയിപ്പിച്ച ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആ വരികളെഴുതാന്‍ വേണ്ടി വന്നത് വെറും അഞ്ചു നിമിഷം. രവീന്ദ്ര സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച് ഗിരീഷ് വാക്കുകള്‍ കൊണ്ട് മാലകോര്‍ത്തപ്പോള്‍ ഒരു വെണ്‍ശംഖുപോലെ അത് മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങി.
ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചിയിതാവ് കൈയ്യിലേന്തിയത് തൂലികയായിരുന്നില്ല, അദ്ദേഹത്തിന്‍റെ പാട്ടിലെ വരികള്‍ പോലെ അക്ഷരനക്ഷത്രങ്ങള്‍ കോര്‍ത്തെടുത്ത ജപമാലയായിരുന്നുവെന്ന് തെളിയിക്കാന്‍ ഈ ഒറ്റ പാട്ട് തന്നെ ധാരാളം. 1989 ല്‍ ‘എന്‍ക്വയറി‘ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഗിരീഷിന് പ്രേക്ഷക ഹൃദയം തൊടുന്നൊരു ഹിറ്റൊരുക്കാന്‍ പിന്നെയും മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ.. എന്ന ജോണീവാക്കറിലെ ഹിറ്റ് ഗാനത്തിന് ശേഷം പിന്നീടുള്ള 20 വര്‍ഷം ഈ പുത്തഞ്ചേരിക്കാരന്‍ മലയാളിമനസ്സില്‍ നിറച്ചത് പാട്ടിന്‍റെ ലഹരിയായിരുന്നു.
കൈക്കുടുന്ന നിറയെ പ്രണയത്തിന്‍റെ മധുരമുള്ള ഗാനങ്ങള്‍ നല്‍കി ഗിരീഷ് പിന്നെയും മലയാളികളെ വിസ്മയിപ്പിച്ചു. പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം പോലെ ഗിരീഷിന്‍റെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തിന്‍റെ പടികടന്നെത്തി. സൂര്യകിരീടവും ഹരിമുരളീരവും പിറന്ന അതേ തൂലിക തന്നെയാണ് എന്തേ മനസ്സിലൊരു നാണമെന്ന് മലയാളിയോട് ചോദിച്ചത്. ഒപ്പം ചിങ്ങം മാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കുമെന്ന് പറഞ്ഞതും. ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളായിരുന്നു ആ തൂലികയില്‍ പിറന്നത്.
PRO
അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയുമായി പാട്ടെഴുത്തിന്‍റെ തപസില്‍ ഗിരീഷ് അലിഞ്ഞുചേര്‍ന്നപ്പോള്‍ 1995 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും ആദ്യമായി കൂടെവന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഗിരീഷ് മലയാള ചലച്ചിത്ര ഗാനരംഗത്ത് തീര്‍ത്തത് പാട്ടിന്‍റെ പാലാഴി തന്നെയായിരുന്നു. മറക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്‍ കുളിര്‍ക്കുന്ന മൌനാനുരാഗം പോലെ ഗിരീഷിന്‍റെ പാട്ടുകള്‍ പിന്നെയും പിന്നെയും നമ്മെ വിസ്മയിപ്പിച്ചു.
ഭക്തിരസം തുളുമ്പുന്ന ഗാനങ്ങള്‍കൊണ്ടും ഗിരീഷ് മലയാളി പ്രേക്ഷകരുടെ ഹൃദയം തൊട്ടു. കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍..., കളഭം തരാം ഭഗവാനെന്‍ മനസ്സും തരാമെന്നു പറഞ്ഞതും ഗിരീഷ് തന്നെയായിരുന്നു. നിശാശലഭങ്ങള്‍പോലെ മലയാളി മനസ്സില്‍ പാറിനടക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച് ഒടുവില്‍ ഒരു രാത്രി വിടവാങ്ങുന്നതു പോലെ ഗിരീഷും മലയാളി മനസ്സില്‍ നിന്ന് വിടവാങ്ങുകയാണ്. മറന്നിട്ടും മനസില്‍ തുളുമ്പുന്ന മൗനാനുരാഗം പോലെ...പ്രണയസന്ധ്യയുടെ വിരഹവേദന പോലെ...