പേപ്പാറയില്‍ കല്ലാന

Widgets Magazine


kallana small type of elephant
WDWD
തിരുവനന്തപുരം 2005 ജനുവരി: പേപ്പാറ വന്യജീവി സങ്കേതത്തിനടുത്തായി വനംവകുപ്പിന്‍റെ പരിധിയില്‍പ്പെട്ട കോട്ടൂര്‍ ഭാഗത്ത് നിന്ന് പുതിയ ഇനം ആനയെ കണ്ടെത്തി.

വന്യജീവി ചിത്രശേഖരത്തിനായി 15 വര്‍ഷമായി ഈ ഭാഗത്തു സഞ്ചരിക്കുന്ന സാലി പാലോടും സഹായിയായ മല്ലന്‍ കാണിയുമാണ് "കല്ലാന' എന്നു വിളിക്കപ്പെടുന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതും ചിത്രങ്ങളെടുത്തതും.

കാണി വംശജരായ ആദിവാസികള്‍ക്ക് ഈ ഇനത്തില്‍പ്പെട്ട ആനകളെപ്പറ്റി നേരത്തെ അറിവുണ്ട്. സാധാരണയായി പാറക്കൂട്ടങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടാണ് ഇവയെ കല്ലാന എന്നു വിളിക്കപ്പെടുന്നത്. "തുമ്പിയാന' എന്നും ചിലരിതിനെ വിളിക്കാറുണ്ട്.

മനുഷ്യര്‍ ആ ഭാഗത്തെങ്ങാനും വന്നാല്‍ മരങ്ങള്‍ക്കും പാറകള്‍ക്കും ഇടയില്‍ ഓടാനുള്ള ഇവയുടെ വേഗത കണക്കിലെടുത്താണ് തുമ്പിയാന എന്നു പേരിട്ടു വിളിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളൂ.

ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് സാലി പാലോടും മല്ലന്‍ കാണിയും ഇത്തരമൊരു കൂട്ടത്തിന്‍റെ ചിത്രമെടുത്തിരുന്നു. അന്ന് അവര്‍ കരുതിയിരുന്നത് പ്രായപൂര്‍ത്തിയാകാത്ത ആനകളുടെ കൂട്ടമെന്നായിരുന്നു. പിന്നീട് അനുഭവ സമ്പത്തുള്ള കാണിവര്‍ഗ്ഗക്കാരുമായി ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് ഇവ കല്ലാനയാണ് എന്നറിഞ്ഞത്.

ജനുവരി പത്തിന് കാണി വര്‍ഗ്ഗക്കാര്‍ പേപ്പാറ വന്യജീവി കേന്ദ്രത്തിനടുത്ത് കുറ്റിയാറില്‍ ഒരു ആനയുടെ ശവശരീരം കണ്ടെത്തി. സാലി പാലോടും മല്ലന്‍ കാണിയും അവിടം സന്ദര്‍ശിച്ച് ചിത്രങ്ങളെടുത്തു. കാണി വര്‍ഗ്ഗക്കാര്‍ അത് കല്ലാനയാണെന്ന് തിരിച്ചറിഞ്ഞു. ആയിടയ്ക്ക് അവിടെയെത്തിയ ഒരു ചെറിയ സംഘത്തിലെ അംഗമായിരുന്നു അത്. കല്ലാനകള്‍ ആ പരിസരത്തുണ്ടാകുമെന്നായിരുന്നു അവരുടെ അഭിപ്രായം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദ്യ ദിവസം തന്നെ ഒരു കല്ലാനയെ കണ്ടെത്തിയെങ്കിലും ചിത്രമെടുക്കാന്‍ സാധിച്ചില്ല. രണ്ടാം ദിവസം മറ്റൊന്നിനെ കണ്ടെത്തി. ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഇത്തരം ആനകള്‍ നിലനില്‍ക്കുന്നുവെന്ന് പറയുന്നതിന്‍റെ തെളിവ് ദൃക്സാക്ഷി മൊഴികളും ഈ ചിത്രങ്ങളും മാത്രമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പേപ്പാറയില്‍ കല്ലാന സാലി പാലോട് തുമ്പിയാന' കാണി

Widgets Magazine
Widgets Magazine