ആപ്പിള്‍ ടച്ച്‌സ്ക്രീന്‍ കൊലയാളിയോ?

സുഷോ| WEBDUNIA|
PRO
വിപണിയിലെ പുതുവിപ്ലവത്തിന്റെ വക്താക്കളാണ് ആപ്പിള്‍. ആപ്പിള്‍ ഐ ഫോണ്‍, ഐ പാഡ് എന്നിവയ്ക്കെല്ലാം തരംഗം സൃഷ്‌ടിക്കാനായതും ഇക്കാരണം കൊണ്ടു തന്നെ. എന്നാല്‍, ഈ ആഗോള കമ്പനിക്ക് വേണ്ടി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ തങ്ങളുടെ ജീവന്‍ പകരം നല്‍കിയാണ് ചില ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതെന്ന് പരാതിപ്പെടുന്നു.

ആപ്പിളിന്റെ ടച്ച്‌സ്ക്രീന്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തൊഴിലാളികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും ആപ്പിള്‍ കമ്പനി ഇത് പരിഹരിക്കാന്‍ തയ്യാറാവണം എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹെക്‍സൈല്‍ ഹൈഡ്രൈഡ് എന്ന രാസപദാര്‍ത്ഥമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. എന്‍-ഹെക്സേന്‍ എന്നും ഇതിന് പേരുണ്ട്.

ചൈനയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണസ്ഥാപനം തയ്‌വാന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. എന്നാല്‍, 2008 മെയ് മുതല്‍ 2009 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡ് ഉപയോഗിച്ചിരുന്നുവെന്നും തൊഴിലാളികള്‍ക്ക് പ്രശ്നം സൃഷ്‌ടിക്കും എന്നു മനസ്സിലായതിനെത്തുടര്‍ന്ന് ഇത് ഒഴിവാക്കിയെന്നും തയ്‌വാന്‍ കമ്പനി വിശദീകരിക്കുന്നു. 137 തൊഴിലാളികള്‍ വിഷബാധയേറ്റ് ആശുപത്രിയില്‍ ആയിരുന്നു, എന്നാല്‍ എല്ലാവരുടെയും അസുഖം ഇപ്പോള്‍ ഭേദമായി എന്നും കമ്പനി പറയുന്നു.

പക്ഷേ, അസുഖം ബാധിച്ചവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ പോലും കമ്പനി തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കൈകാലുകളില്‍ പഴുത്ത് പൊട്ടുന്നതോടൊപ്പം വേദനയും, ക്ഷീണവും തലകറക്കവും തങ്ങള്‍ക്കുണ്ടായി. അത്തരക്കാരോട് പിരിഞ്ഞു പോകാനാണ് കമ്പനി ആവശ്യപ്പെട്ടത്. ഇതെത്തുടര്‍ന്നാണ് ആപ്പിളിനോട് നേരിട്ട് പരാതിപ്പെടാന്‍ തീരുമാനിച്ചത്. ആപ്പിള്‍ മേധാവി സ്‌റ്റീവ് ജോബ്സിന്റെ പേരില്‍ അയച്ചിരിക്കുന്ന കത്തില്‍ ഹെക്‍സൈല്‍ ഹൈഡ്രൈഡിനെ ‘കൊലയാളി‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനീസ് ഭാഷയിലാണ് കത്ത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് ആപ്പിളിനയച്ചത്. എന്നാല്‍ ആപ്പിള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഹെക്‍സൈല്‍ ഹൈഡ്രൈഡ് നിരന്തരം ഉപയോഗിച്ചാല്‍ ഞരമ്പുകള്‍ക്ക് തകരാറു സംഭവിക്കുമെന്നാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കണ്ണുകള്‍ക്കും ഇത് ആപത്തുണ്ടാക്കും. ആല്‍ക്കഹോളിനേക്കാള്‍ വളരെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വില്പനയില്‍ വമ്പിച്ച നേട്ടമുണ്ടാക്കുന്നതിനിടെയാണ് തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ ആപ്പിള്‍ പഴി കേട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :