ഗൂഗിളിലെ 142 ഉള്ളടക്കങ്ങള്‍ നീക്കണമെന്ന് ഇന്ത്യ

മുംബൈ| WEBDUNIA|
ഗൂഗിളില്‍ അപ്‌ലോഡ് ചെയ്തതും പ്രസിദ്ധീകരിച്ചതുമായ 142 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യയും രംഗത്ത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

ഓരോ രാജ്യത്തിന്റെയും പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ഗൂഗിള്‍ പുറത്തുവിട്ടു. ചൈനയിലെ സെന്‍സറിംഗും അനുബന്ധ വിവാദങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ടും ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. 2009 ജൂ ലൈ-ഡിസംബര്‍ കാലയളവില്‍ ലഭ്യമായ പരാതികളാണ് പ്രസിദ്ധീകരിച്ചത്.

ഇത് ആദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വീഡിയോ, വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാനാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീല്‍ 291 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ അവശ്യപ്പെട്ടപ്പോള്‍ ജര്‍മ്മനി 188 പരാതികളാണ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് 123 പരാതികളും ലഭിച്ചതായി ഗൂഗിള്‍ അറിയിച്ചു.

നെറ്റ് സെന്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഏകദേശം 40 രാജ്യങ്ങള്‍ ഗൂഗിള്‍ വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്നും അറിയിച്ചു. 2002 വര്‍ഷത്തില്‍ സെന്‍സര്‍ ചെയ്യുന്നവരുടെ പട്ടികയില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ബ്രസീലും ഇന്ത്യയും ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനമായ ഒര്‍ക്കുട്ടിലെ വിവാദപരമായ വിവരങ്ങള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീലിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റാണ് ഒര്‍ക്കുട്ട്.

ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ഗൂഗിള്‍ അറിയിച്ചു. 'ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഇനിഷ്യേറ്റീവ്' എന്ന കൂട്ടായ്മയില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും അംഗമാണ്. യാഹൂ, മൈക്രോസോഫ്റ്റ് എന്നീ ഇന്റര്‍നെറ്റ് കമ്പനികളും ഇതിന്റെ ഭാഗമാണ്.

ഉള്ളടക്കങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും നിയമപരമായ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ളതാണ്. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :