നാനോയെ വെല്ലാന്‍ ചൈനയെ കൂട്ടുപിടിച്ച് ജി‌എം

ഷാങ്‌ഹായ്| WEBDUNIA| Last Modified തിങ്കള്‍, 31 മെയ് 2010 (17:42 IST)
PRO
നാനോയെ വെല്ലുന്ന കാര്‍ പുറത്തിറക്കാന്‍ ആഗോള വാഹന നിര്‍മ്മാണരംഗത്തെ അതികായന്‍‌മാരായ ജനറല്‍ മോട്ടോര്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് പങ്കാളിയുടെ സഹായത്തോടെ പുതിയ വാഹനം പുറത്തിറക്കാനാണ് ജനറല്‍ മോട്ടോര്‍സിന്‍റെ നീക്കം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഒരു ധനകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ചൈനയിലെ ആദ്യ മൂ‍ന്ന് വാഹന നിര്‍മ്മാണകമ്പനികളില്‍ ഒന്നായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍‌ഡസ്ട്രി കോര്‍പ്പറേഷനുമായി ജനറാല്‍ മോട്ടോര്‍സിന് ബിസിനസ് പങ്കാളിത്തം ഉണ്ട്. ഈ കമ്പനിയായിരിക്കും നാനോയുടെ എതിരാളിയെ ഒരുക്കാന്‍ ജനറല്‍ മോട്ടോര്‍സിനെ സഹായിക്കുക. ഷെവര്‍ലെറ്റ് ബീറ്റ്, സ്പാര്‍ക്ക് ഏവിയോ തുടങ്ങിയ ചെറുകാറുകള്‍ ജി‌എം നിലവില്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ നാനോയെ അപേക്ഷിച്ച് ഇവയുടെ വില വളരെ കൂടുതലാണ്.

ഷാങ്‌ഹായ് ഓട്ടോമോട്ടീവുമായി ചേര്‍ന്ന് അടുത്ത വര്‍ഷം രണ്ട് മിനിവാനുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് ജി‌എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയായിരിക്കും നാനോയുടെ എതിരാളിയെയും ജി‌എം അവതരിപ്പിക്കുക. നാനോയ്ക്ക് ഇന്ത്യയിലും വിദേശത്തും ലഭിക്കുന്ന ജനപ്രിയതയാണ് ജനറല്‍ മോട്ടോര്‍സിനെ വില കുറഞ്ഞ ചെറുകാര്‍ എന്ന ആശയത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :