ടെക്നോളജി കമ്പനി: ആപ്പിള്‍ ഒന്നാമത്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വ്യാഴം, 27 മെയ് 2010 (09:37 IST)
മുഖ്യ എതിരാളികളായ മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിള്‍ ലോകത്തിലെ ഏറ്റവും വലിയ ടെക്‍നോളജി കമ്പനിയായി. ബുധനാഴ്ച വ്യാപാരാവസനാത്തോടെ ആപ്പിളിന്‍റെ മൊത്തം മൂല്യം 222 ബില്യണ്‍ ഡോളറായപ്പോള്‍ മൈക്രോസോഫ്റ്റിന്‍റേത് 219 ബില്യണ്‍ ഡോളറാണ്.

ഓഹരികളുടെ എണ്ണത്തെ നിലവിലെ ഓഹരി വിലയുമായി ഗുണിച്ച് കിട്ടുന്ന വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തിലാണ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ മറികടന്നത്. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ആപ്പിളിന്‍റെ ഓഹരി മൂല്യത്തില്‍ 0.4 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചെങ്കിലും മൈക്രോസോഫ്റ്റിന് നാല് ശതമാനം നഷ്ടമാണ് നേരിട്ടത്.

കമ്പ്യൂട്ടറുകള്‍, ഐ‌പോഡുകള്‍, ഐ‌ഫോണുകള്‍, ഐ‌പാഡുകള്‍ എന്നിവയുടെ നിര്‍മാതാക്കളായ ആപ്പിള്‍ തൊണ്ണൂറുകളില്‍ ഏതാണ്ട് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായ നിലയിലായിരുന്നു. എന്നാല്‍ 2001-ല്‍ ഐ‌പോഡുകളുടെ നിര്‍മാണത്തോടെയാണ് ആപ്പിളിന്‍റെ ശക്തമായ തിരിച്ചുവരവുണ്ടായത്. 1989-ലാണ് ഇതിന് മുമ്പ് ആപ്പിള്‍ മൈക്രോസോഫ്റ്റിനെ പിറകിലാക്കിയത്.

ആപ്പിളിന്‍റെ ഐ‌പാഡ് ടേബിള്‍ കമ്പ്യൂട്ടര്‍ ഈ ആഴ്ച ബ്രിട്ടനിലും മറ്റ് എട്ട് രാഷ്ട്രങ്ങളിലും പുറത്തിറങ്ങി. അടുത്ത മാസം കമ്പനിയുടെ നെക്സ്റ്റ് ജനറേഷന്‍ ഐ‌ഫോണ്‍ പുറത്തിറങ്ങാനിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :