ത്രീജി ലേലം: വരുമാനം 60,000 കോടിയിലെത്തി

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ ത്രീജി ലേലത്തില്‍ നിന്ന് സര്‍ക്കാരിന് ഏതാണ്ട് 60,000 കോടിയോളം രൂപ വരുമാനം ലഭിച്ചു. പ്രതീക്ഷിച്ചതിലും അധികതുകയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ടെലികോം സേവനങ്ങള്‍ക്ക് വേണ്ട ത്രീജി സ്പെക്ട്രം ലേലം 162 റൌണ്ട് പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ആരംഭിച്ച ലേലം 29 ദിവസം പിന്നിടുമ്പോള്‍ ലേലത്തുകയുടെ മൂല്യം 60,571.22 കോടി രൂപ കവിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ത്രീ ജി ലേലത്തില്‍ നിന്ന് സര്‍ക്കാരിന് ഏതാണ്ട് 65,000 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തെ കണക്കുകൂട്ടിയതിന്‍റെ ഇരട്ടി തുകയാണിത്. ചില നഗരങ്ങള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ മുന്നോട്ടുവന്നതിനെ തുടര്‍ന്നാണ് ലേലത്തുക ഉയര്‍ന്നത്.

രാജ്യത്തെ ഇരുപത്തിരണ്ട് കേന്ദ്രങ്ങള്‍ക്ക് വേണ്ടി ഒമ്പത് ടെലികോം കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. വേഗതയുടെ ത്രീജി നെറ്റ് സേവനം ഇന്റര്‍നെറ്റ് ടിവി, വീഡിയോ ഡൌണ്‍ലോഡിംഗ്, ഓഡിയോ, വീഡിയോ കാള്‍ ലഭ്യമാക്കും.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വോഡാഫോണ്‍ എസ്സാര്‍, ഐഡിയ സെല്ലുലാര്‍, ടാറ്റാ ടെലിസര്‍വീസസ്, എയര്‍സെല്‍, ഇതിസലാത്ത്, എസ് ടെല്‍, വീഡിയോകോണ്‍ എന്നീ കമ്പനികളാണ് ത്രീജി ലേലത്തില്‍ പങ്കെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ ത്രീജി സേവനത്തിന് അനുമതി നല്‍കിയിരുന്നു.

മുംബൈയുടെ ലേലത്തുകയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. മുംബൈയ്ക്ക് വേണ്ടി അഞ്ച് പേരും ഡല്‍ഹിക്ക് വേണ്ടി നാലു പേരുമാണ് ലേലത്തില്‍ പങ്കുകൊള്ളുന്നത്. കര്‍ണ്ണാടകയാണ് ലേലത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന മൂന്നാമത്തെ മേഖല. അടിസ്ഥാന തുകയായ 320 കോടിയില്‍ നിന്ന് 1,216.47 കോടി രൂപയായിട്ടാണ് കര്‍ണ്ണാടകയുടെ ലേലത്തുക ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :