ചെറുകാര്‍ എഞ്ചിന്‍ തയ്യാര്‍: ബജാജ്

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ മുന്‍‌നിര വാഹനനിര്‍മ്മാണ കമ്പനിയായ ബജാജ് ഓട്ടോ പുറത്തിറക്കുന്ന ചെറു കാറിന്റെ എഞ്ചിന്‍ തയ്യാറായെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. റിണോള്‍ട്ട്- നിസ്സാനുമായി ചേര്‍ന്നാണ് ബജാജ് ചെറുകാര്‍ നിര്‍മ്മിക്കുന്നത്. മൂന്ന് കമ്പനികളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത എഞ്ചിനോടു കൂടിയ ചെറുകാര്‍ 2012ല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ബജാജ് ചെറുകാറിന് ഏകദേശം രണ്ട് ലക്ഷം രൂപ വില നല്‍കേണ്ടിവരുമെന്നും കമ്പനി മേധാവി അറിയിച്ചു.

ബജാജിന്‍റെ നിര്‍ദ്ദിഷ്ട ചെറുകാറിന് 30 കിലോമീറ്റര്‍ മൈലേജാണ് ലക്‌ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. ഇരുചക്രവാഹന ഉപയോക്താക്കളെയാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നതെന്ന് രാജീവ് ബജാജ് പറഞ്ഞു. 30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ യാത്രയ്ക്ക് കാര്‍ തെരഞ്ഞെടുക്കാന്‍ ഇരുചക്രവാഹന യാത്രികര്‍ തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരുചക്രവാഹന വിപണിയില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്ത് ചെറുകാര്‍ നിര്‍മ്മാണ വേളയില്‍ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വാഹനമായിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ചെറുകാറിന് ബജാജ് വില കണക്കാക്കുന്നത്. ഇതോടൊപ്പം 30 കിലോമീറ്റര്‍ മൈലേജ് എന്ന സ്വപ്നം കൂടി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ബജാജിന്‍റെ വാഹനം ചെറുകാര്‍ വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്നാണ് വാഹന വിദഗ്ധര്‍ വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :