സിം നിങ്ങളുടെ; ഉപയോഗിക്കുന്നത് തട്ടിപ്പുകാര്‍!

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് തട്ടിപ്പിന്‍റെ പുതിയ മുഖമായി സിംകാര്‍ഡ് ക്ലോണിംഗും. മറ്റൊരാളുടെ മൊബൈല്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ ഐഎസ്ഡി കോളുകള്‍ വിളിക്കാനും സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും സൗകര്യമൊരുക്കുന്ന സിംകാര്‍ഡ്‌ ക്ലോണിംഗ്‌ സംഘങ്ങള്‍ കേരളത്തിലും സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്താവിന്‌ വില്‍ക്കുന്നതിന്‌ മുമ്പു തന്നെ കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന സിംകാര്‍ഡുകളാണ്‌ ഇത്തരത്തില്‍ ക്ലോണിംഗിന്‌ വിധേയമാക്കുന്നത്‌. ഇത്തരത്തില്‍ പകര്‍പ്പെടുത്തതിനു ശേഷമാണ്‌ ഇപ്പോള്‍ പല സിംകാര്‍ഡുകളും ഉപയോക്താക്കളുടെ കൈകളിലെത്തുന്നത്‌.

ഇത്തരത്തില്‍ ക്ലോണ്‍ ചെയ്ത സിംകാര്‍ഡുകള്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക്‌ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്നത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം അനധികൃത സമാന്തര മൊബൈല്‍ ഫോണ്‍ എക്സ്ചേഞ്ചുകളാണ്.

അയ്യായിരം രൂപ മുതല്‍ എണ്‍പതിനായിരം രൂപ വരെ വിലയുള്ള സിംകാര്‍ഡ് ക്ലോണിംഗ് യന്ത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്ത് ചൈനയില്‍ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. കടകളില്‍ നിന്ന്‌ സംഘടിപ്പിക്കുന്ന പുതിയ സിംകാര്‍ഡുകളുടെ പകര്‍പ്പ്‌ യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത ശേഷം മടക്കി നല്‍കുകയാണ് ചെയ്യുന്നത്. സമാന്തര മൊബൈല്‍ എക്സ്ചേഞ്ചുകളുടെ കൈവശം ഇത്തരത്തില്‍ നൂറുകണക്കിന്‌ സിംകാര്‍ഡ്‌ പകര്‍പ്പുകളുണ്ടാകും.

ഇടപാടുകാര്‍ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ വിളിക്കാനാണ്‌ ഇത്തരം എക്സ്ചേഞ്ചുകള്‍ പ്രധാനമായും സൗകര്യം ചെയ്തുകൊടുക്കുന്നത്‌. വിളിക്കാത്ത കോളുകള്‍ക്ക്‌ പണം നല്‍കേണ്ടി വരുമ്പോള്‍ മാത്രമാണ് മൊബൈല്‍ ഉപയോക്താക്കള്‍ തട്ടിപ്പ് അറിയുന്നത്. അതേസമയം സിംകാര്‍ഡുകള്‍ അനധികൃതമായി പകര്‍ത്തി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസിന്റെ സൈബര്‍സെല്‍ വിഭാഗം സജ്ജമാണെന്ന് ഐ.ജി.ടോമിന്‍ തച്ചങ്കരി പറഞ്ഞു. സിംകാര്‍ഡ് ക്ലോണിങ് കേസുകള്‍ ഇതുവരെ സംസ്ഥാന പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ സമാന രീതിയില്‍ എ.ടി.എം കാര്‍ഡുകളുടെ പകര്‍പ്പുകള്‍ തയ്യാറാക്കി പണം തട്ടുന്ന നൈജീരിയന്‍ സംഘത്തെ പിടികൂടാന്‍ സൈബര്‍ സെല്ലിന് കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ സിംകാര്‍ഡ് ക്ലോണിങ് നടക്കുന്നതായി ആരെങ്കിലും പരാതിപ്പെട്ടാല്‍, അത്തരം കേസ് അന്വേഷിക്കാനുള്ള ഉപാധികള്‍ സൈബര്‍ പോലീസിനുണ്ട്. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളെയാണ് ആദ്യം ബന്ധപ്പെടേണ്ടത്. ഒരു സിംകാര്‍ഡ് ക്ലോണ്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം വളരെ വേഗം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയും-തച്ചങ്കരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :