മറവിയില്ലാത്തവര്‍ സ്ത്രീകള്‍!

WEBDUNIA|
PRO
ശാരീരിക ശക്തിയില്‍ പുരുഷനാണ് രാജാവെന്നുള്ള വിശേഷണം പലപ്പോഴും സ്ത്രീ ശക്തിയെ കുറച്ചു കാണിക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, സ്ത്രീ എല്ലാ കാര്യത്തിലും അബലയാണോ?

അല്ല, എന്നാണ് ഓര്‍മ്മ ശക്തിയെ കുറിച്ച് നടത്തിയ ഒരു പഠനം വെളിവാക്കുന്നത്. മധ്യവയസ്സിലുള്ള സ്ത്രീകള്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പുരുഷന്‍‌മാരെക്കാള്‍ ബഹുദൂരം മുന്നിലാണത്രേ!

ലണ്ടന്‍ സര്‍വകലാശാലയിലാണ് സ്ത്രീകളുടെ ഓര്‍മ്മശക്തിയെ തെളിയിക്കുന്ന പഠനം നടന്നത്. മധ്യവയസ്സിലുള്ള 9,600 ആളുകളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയരാക്കിയത്.

ഓര്‍മ്മശക്തിയിലെ സ്ത്രീ-പുരുഷ മത്സരം രസകരമായ പരീക്ഷണത്തിലൂടെയാണ് ഗവേഷകര്‍ നടത്തിയത്. പരീക്ഷണത്തില്‍ പങ്കെടുത്തവരോട് 10 വാക്കുകള്‍ ശ്രദ്ധിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. പിന്നീട്, രണ്ട് മിനിറ്റിനു ശേഷം കേട്ട വാക്കുകളില്‍ കഴിയാവുന്നത്ര ഓര്‍മ്മിച്ചെടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. അഞ്ച് മിനിറ്റിനു ശേഷം അതേ വാക്കുകള്‍ വീണ്ടും ഓര്‍മിച്ചെടുക്കാനും ഗവേഷകര്‍ ആവശ്യപ്പെട്ടു.

പരീക്ഷണങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍‌മാരെ നിലം‌പരിശാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പരീക്ഷണത്തില്‍ സ്ത്രീകള്‍ പുരുഷന്‍‌മാരെക്കാള്‍ അഞ്ച് ശതമാനവും രണ്ടാം പരീക്ഷണത്തില്‍ എട്ട് ശതമാനവും മാര്‍ക്ക് അധികം സ്വന്തമാക്കിയാണ് ഓര്‍മ്മശക്തിയില്‍ തങ്ങളാണ് മുന്നിലെന്ന് ഉറപ്പിച്ചത്.

പരീക്ഷണത്തില്‍ മറ്റൊരു രസകരമായ കണ്ടെത്തലും ഉണ്ടായി-പുകവലിക്കാത്തവരും പുകവലി ഉപേക്ഷിച്ചവരുമാണ് ഏറ്റവും കൂടുതല്‍ ഓര്‍മ്മശക്തി പ്രകടിപ്പിച്ചത്!

ഇതിനോട് അനുബന്ധിച്ച് നടത്തിയ മറ്റൊരു പരീ‍ക്ഷണത്തില്‍ സ്ത്രീകളും പുരുഷന്മാരും ബലാബലം നിന്നു. ഒരു മിനിറ്റ് കൊണ്ട് കഴിയാവുന്നത്ര മൃഗങ്ങളുടെ പേര് പറയാനാണ് ഇവിടെ ആവശ്യപ്പെട്ടത്. എന്നാല്‍ ശരാശരി കണക്ക് അനുസരിച്ച് ഇരു കൂട്ടരും നിശ്ചിത സമയത്തിനുള്ളില്‍ 22 മൃഗങ്ങളുടെ പേര് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :