നമ്മുടെ ശീമാട്ടിക്കിപ്പോള്‍ വയസ് നൂറ്!

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Seematti
WEBDUNIA|
PRO
PRO
ശീമാട്ടി എന്ന പേര് മലയാളമാണെന്നാണ് മിക്കവരുടെയും ധാരണ. ഈ ധാരണയ്ക്ക് പിന്നില്‍ എറണാകുളം എംജി റോഡിലുള്ള ശീമാട്ടി ടെക്സ്റ്റൈല്‍‌സ് എന്ന വസ്‌ത്രവ്യാപാരശാലയാണ്. തന്റെ സഹോദരി ശീമാട്ടിയുടെ പേരില്‍ വീരയ്യ റെഡ്‌ഡ്യാര്‍ എന്ന ആന്ധ്രാക്കാരന്‍ ആലപ്പുഴയില്‍ തുടങ്ങിയ “ശീമാട്ടി” എന്ന തുണിക്കടയാണ് മലയാളികളുടെ വസ്‌ത്രസങ്കല്‌പത്തിന്റെ ഭാഗമായിത്തീര്‍ന്നതെന്ന് എത്ര പേര്‍ക്കറിയാം? ശീമാട്ടി എന്നാല്‍ നമ്മള്‍ മലയാളികള്‍ക്കിന്ന് ഒരു കേരളീയനാമമാണ്.

കേരളക്കരയുടെ വസ്‌ത്രസങ്കല്‌പത്തില്‍ വിപ്ലവം സൃഷ്ടിച്ച ശീമാട്ടിക്കിപ്പോള്‍ (ഇപ്പോഴത്തെ പേര് ‘ദ ഹൗസ് ഒഫ് ശീമാട്ടി’) നൂറുവയസ്സ്‌ തികഞ്ഞിരിക്കുന്നു. വീരയ്യ റെഡ്‌ഡ്യാര്‍ 1910-ലാണ് 'ശീമാട്ടി സ്റ്റോര്‍സ്‌' എന്ന പേരില്‍ ശീമാട്ടി ആരംഭിക്കുന്നത്. 1910-ല്‍ നിന്ന് കാലം 2010-ല്‍ എത്തുമ്പോള്‍ വീരയ്യ റെഡ്‌ഡ്യാറില്‍ നിന്ന് മകന്‍ തിരുവെങ്കിട റെഡ്‌ഡ്യാറിലേക്ക്‌ വളര്‍ന്ന ശീമാട്ടിയുടെ അമരത്ത് ഇന്ന് തിരുവെങ്കിട റെഡ്‌ഡ്യാറുടെ ഏക മകള്‍ ബീനാകണ്ണനാണ്.

പഴയ തുണിക്കടയില്‍ നിന്ന് നവീന വസ്ത്രവ്യാപാര രംഗത്തേക്ക് ശീമാട്ടി കടക്കുന്നത് എറണാകുളത്തെ എം‌ജി റോഡില്‍ 1971-ല്‍ ഒരു ചെറിയ യൂണിറ്റായി തുടങ്ങിയതോടെയാണ്. തിരുവെങ്കിടറെഡ്‌ഡ്യാറായിരുന്നു ഈ മാറ്റത്തിന് പിന്നില്‍. തുടര്‍ന്ന് 1980-ല്‍ മകള്‍ ബീനയും ഭര്‍ത്താവ് കണ്ണനും കൂടി ശീമാട്ടിയെ നവീകരിക്കാന്‍ തുടങ്ങി. ശീമാട്ടിയെ ലോകോത്തര വസ്ത്രവ്യാപാരകേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹം നിറവേറ്റാതെ ഭര്‍ത്താവ് കണ്ണന്‍ യാത്രയായപ്പോള്‍ ബീന ശീമാട്ടിയെ ഏറ്റെടുത്തു.

ബീനയ്ക്ക് ഡോക്ടറോ വക്കീലോ ആകാനായിരുന്നു മോഹം. എന്നാല്‍ കുടുംബബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തതോടെ അവര്‍ വ്യാപാരരംഗത്തെ പ്രമുഖ എന്നതിനൊപ്പം മികച്ച ഡിസൈനറുമായി വളരുകയായിരുന്നു. ഉപഭോക്തൃ താത്പര്യങ്ങള്‍ വിശകലനം ചെയ്തും വിപണിയിലെ ട്രെന്റുകള്‍ നിരീക്ഷിച്ചും ശീമാട്ടി ‘റീ-ഡിസൈനിംഗുകള്‍' നടത്തുന്നത് ബീനയുടെ മേല്‍നോട്ടത്തിലാണ്. ഈ പുതിയ രൂപകല്പനകളും നിറക്കൂട്ടും മില്ലുകളില്‍ കൊടുത്ത് ശീമാട്ടിക്കായി മാത്രം നെയ്തെടുക്കുന്നു.

ബീനയുടെ നിശ്ചയദാര്‍ഢ്യത്തിന് കീഴില്‍ ശീമാട്ടി വളര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ നൂറാം വയസിലേക്ക് കാലുകുത്തുകയാണ്. ദ ഹൗസ് ഒഫ് ശീമാട്ടിയുടെ നൂറാം വാര്‍ഷികാഘോഷം കൊച്ചി ശീമാട്ടിയില്‍ എറണാകുളം ജില്ലാ കലക്റ്റര്‍ ഡോക്‌ടര്‍ എം ബീന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് ശീമാട്ടി മാനേജിംഗ് ഡയറക്‌ടറും ലീഡ് ഡിസൈനറുമായ ബീന കണ്ണന്റെ പദ്ധതി.

വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ശീമാട്ടിയില്‍ ബീന സെന്‍റിനിയല്‍ കലക്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം‌തന്നെ മെന്‍സ്, കിഡ്സ് വിഭാഗത്തിലും വൈവിധ്യമാര്‍ന്ന വസ്ത്രശേഖരങ്ങളും ഒരുക്കുന്നുണ്ട്. ഷിമ്മര്‍ ലൈറ്റ് ബ്രൊക്കേഡ്സ് സാരികളും ഡിസൈനര്‍ ജഡ്ക്കന്‍ സാരികളുമാണ് ബീന സെന്‍റിനിയല്‍ കലക്ഷനിലെ പ്രധാന ഇനം. കോപ്പര്‍ മാറ്റ് ഫിനിഷുള്ള സോഫ്റ്റ് ലൈറ്റ് ഗോള്‍ഡ് ബ്രൊക്കേഡ് സാരികളാണു ഷിമ്മര്‍ ലൈറ്റ് ബ്രൊക്കേഡ്സിലെ ആകര്‍ഷമായ ഇനം.

നൂറുവര്‍ഷം മുമ്പ് വീരയ്യ റെഡ്‌ഡ്യാര്‍ എന്ന ആന്ധ്രാക്കാരന്‍ ആലപ്പുഴയില്‍ സ്ഥാപിച്ച ശീമാട്ടി ഇന്ന് തിരുവനന്തപുരം, കൊല്ലം, കായംകുളം, ചങ്ങനാശ്ശേരി, കോട്ടയം, തിരുവല്ല, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായി വന്‍ വസ്ത്രവ്യാപാര ശൃംഖലയായി വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മലയാളിക്കിന്ന് മറക്കാനാവാത്ത പേരാണ് ശീമാട്ടി.

മലയാളികള്‍ക്ക് മുന്നില്‍ നവീന വസ്ത്രലോകം തുറന്നുതന്ന്, നൂറിന്റെ നിറവില്‍ എത്തുന്ന ശീമാട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :