"അക്കാദമി മുറ്റത്തൊരു ചായക്കട വേണം"

എം മുകുന്ദന്‍

M Mukundan
WEBDUNIA| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2009 (15:17 IST)
WD
WD
സാഹിത്യത്തിന്റെ മേഖലയില്‍ നമ്മുടെ നാട്ടിലെ ഏറ്റവും സജീവമായ ഇടമാണ് തൃശൂരിലെ സാഹിത്യ അക്കാദമിയുടെ മുറ്റം. എപ്പോഴും അക്ഷരസ്നേഹികള്‍ അവിടെ വന്നും പോയും കൊണ്ടിരിക്കുന്നത് കാണാം. എന്നും അക്കാദമി ഹാളുകളില്‍ സാഹിത്യ-സാംസ്കാരിക സംഗമങ്ങള്‍ നടക്കുന്നുണ്ടാകും. അത് സെമിനാറുകളാകാം. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍‌പ്പിന്റെ കൂട്ടായ്മകളാകാം. ഹൈന്ദവ ഫാസിസത്തിനെതിരെയുള്ള പ്രതിരോധ സംഗമമാകാം. കവിതാ സന്ധ്യകളാകാം. അക്കാദമി മുറ്റത്തുനിന്ന് പ്രഭാഷണങ്ങളും പ്രസംഗങ്ങളും കവിതാലാപനങ്ങളും കഥാപാരായണങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം.

നമ്മുടെ മറ്റ് നഗരങ്ങളില്‍ സാഹിത്യ സമ്മേളനങ്ങള്‍ക്ക് ആളില്ലാതെ സംഘാടകര്‍ വിഷമിക്കുന്നത് കാണാം. ആളെ കൂട്ടാന്‍ വേണ്ടി ഉദ്ഘാടകനോ അധ്യക്ഷനോ ആയി ഒരു നേതാവിനെ ക്ഷണിച്ച് വരുത്തുന്നത് കാണാം. നേതാവ് വരുമ്പോള്‍ അനുയായികളും വരും. സമ്മേളന ഇടം പകുതിയെങ്കിലും നിറയും. പക്ഷേ, തൃശ്ശൂരിലെ സാഹിത്യ അക്കാദമി മുറ്റത്ത് നേതാവ് വന്നാലും വന്നില്ലെങ്കിലും എന്നും ആള്‍ക്കൂട്ടമുണ്ടാകും.

മരച്ചുവട്ടിലും ഓപ്പണ്‍ സ്റ്റേജിന്റെ പടവുകളിലും ഇരുന്ന് യുവാക്കളും യുവതികളും കലയും സാഹിത്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. (ഒരുപക്ഷേ അവര്‍ പ്രണയവും ചര്‍ച്ചചെയ്യുന്നുണ്ടാകാം.)

കൂട്ടത്തില്‍ പരദൂഷണങ്ങളുണ്ടാകും. വിമര്‍ശനങ്ങളുണ്ടാകും. ഗൂഢാലോചനകളും നടക്കുന്നുണ്ടാകും.

എന്തുതന്നെയായാലും ഭാഷാസ്നേഹികള്‍ കൂട്ടം ചേരുന്ന കേരളത്തിലെ ഏറ്റവും സജീവമായ സ്ഥലം ഇതുതന്നെ. ഞങ്ങളുടെ അക്കാദമി മുറ്റം.

ഇവിടെ നിന്ന് പല അറിവുകളും എനിക്ക് വീണുകിട്ടാറുണ്ട്. പത്രങ്ങളില്‍ നിന്നോ ടിവി ചാനലുകളില്‍ നിന്നോ കിട്ടാന്‍ കഴിയാത്തതാണ് അതൊക്കെ. എന്റെ ഒരു കഥയോ അഭിമുഖമോ പുറത്തുവന്നാല്‍ അതിനെ കുറിച്ചുള്ള ആദ്യത്തെ പ്രതികരണം ഞാന്‍ കേട്ടറിയുന്നത് അക്കാദമി മുറ്റത്തുനിന്നാണ്.

ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. എന്നേക്കാളും വണ്ണം‌കുറഞ്ഞ ഒരു കവി (അദ്ദേഹം നോവലിസ്റ്റ് കൂടിയാണ്) അക്കാദമി ഗേറ്റ് കടന്നുവരുന്ന എന്നെക്കണ്ടപ്പോള്‍ അടുത്തുവന്ന് ചോദിച്ചു:

“സാറെപ്പോഴാണ് പോകുന്നത്?”

“എവിടെ?”

“സ്വര്‍ഗത്തില്”

ഭരത് മുരളി അന്തരിച്ച് ഏതാനും നാള്‍ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.

അക്കാദമി മുറ്റത്ത് കവിതയും കഥയും മാത്രമല്ല ഉള്ളത്. വിസ്കിയുടെയും ബ്രാണ്ടിയുടെയും മണമുണ്ട്. നമുക്ക് മദ്യമില്ലാതെ സാഹിത്യമില്ലല്ലോ.

ജനങ്ങളുടെ ഇടമാണ് അക്കാദമി മുറ്റം. അവര്‍ക്ക് കലഹിക്കുവാനും സ്നേഹിക്കുവാനും ഉള്ളയിടം. എന്നെപ്പോലുള്ളവര്‍ക്ക് മറ്റുള്ളവരെ അറിഞ്ഞ് അവനവനെ അറിയുവാനുള്ള ഇടവും.

അക്കാദമി മുറ്റം വലിയ കൂട്ടായ്മകളുടെയും സൌഹൃദങ്ങളുടെയും പ്രതിരോധങ്ങളുടെയും ഇടമായി തുടരട്ടെ.

എന്റെ സ്വപ്നം: ചുടു ചായ മൊത്തിക്കുടിച്ചുകൊണ്ട് സ്നേഹഭാഷണങ്ങള്‍ കൈമാറാന്‍, അക്കാദമി മുറ്റത്ത് നമുക്കൊരു വേണം.

(കടപ്പാട് - സാഹിത്യചക്രവാളം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :