Widgets Magazine
Widgets Magazine
Widgets Magazine

പോക്കിരിയുടെയും ശിക്കാറിന്‍റെയും വര്‍ഷം

ചൊവ്വ, 28 ഡിസം‌ബര്‍ 2010 (16:25 IST)

Widgets Magazine

PRO
2010 അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.

നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.

പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.

ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.

എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടി.

2010 ജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.

ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.

ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.

മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നു.

കാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍ എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമ കാണ്ഡഹാര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine Widgets Magazine