നെറ്റില്‍ സന്തോഷ് പണ്ഡിറ്റിന് കിട്ടിയ തെറിവിളിയുടെ മൂര്‍ച്ഛ അളക്കാന്‍ ഒരു മാപിനിക്കും കഴിയില്ല. അത്രയ്ക്കായിരുന്നു യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും മലയാളി യുവത്വം സന്തോഷ് പണ്ഡിറ്റിന് പൂരപ്പാട്ട് ശൈലിയില്‍ അര്‍പ്പിച്ച തെറിയഭിഷേകം. തെറിവിളി കിട്ടിയാലും സന്തോഷ് പണ്ഡിറ്റിന്റെ പാടിയഭിനയിച്ച ക്ലിപ്പിംഗുകള്‍ക്കും അഭിമുഖ ക്ലിപ്പിംഗുകള്‍ക്കും ഓരോ ദിവസം ചെല്ലുന്തോറും ജനപ്രിയത ഏറിവന്നു. ഇപ്പോളിതാ, സന്തോഷിന്റെ കൃഷ്ണനും രാധയും എന്ന കോമാളിപ്പടം തീയേറ്ററുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്.
കൃഷ്ണനും രാധയും റിലീസ് ചെയ്യുന്നതിന് മുമ്പ്, ഒരു ചാനലില്‍ വന്ന ഭിമുഖത്തില്‍ ‘സിനിമ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?’ എന്ന് സന്തോഷ് പണ്ഡിറ്റിനോട് അഭിമുഖം നടത്തുന്നയാള്‍ ചോദിച്ചിരുന്നു. ‘ഗംഭീരവിജയമാകും എന്ന് ഉറപ്പല്ലേ’ എന്നാണ് സന്തോഷ് ആ ചോദ്യത്തിന് തന്റെ പതിവ് വിഡ്ഡിച്ചിരിയോടെ മറുപടി പറഞ്ഞത്. അത് കണ്ട നമ്മളൊക്കെ ആര്‍ത്ത് ചിരിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ നമ്മളാണ് വിഡ്ഡികളായത്. കൃഷ്ണനും രാധയും കാണാന്‍ വന്‍ ജനവലിയാണ് തീയേറ്ററുകളില്‍ തിക്കിത്തിരക്കുന്നത്.
ഒരിക്കല്‍ പോലും ഒരു സിനിമാ ഷൂട്ടിംഗോ സെറ്റോ പോലും കാണാത്ത കക്ഷിയാണ് സന്തോഷെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇയാളാണ് കൃഷ്ണയും രാധയും എന്ന സിനിമയില്‍ ക്യാമറ ഒഴികെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നൃത്തം, ഗാനരചന, സംഗീതം, സംഘട്ടനം എന്നിവയൊക്കെയും കൈകാര്യം ചെയ്തിരിക്കുന്നത്. അതായത്, ഒരുചുക്കും അറിയാതെ തന്നെ സന്തോഷ് ഒരു സിനിമ വിജയിപ്പിച്ചിരിക്കുന്നു. ഒരു ഭംഗിയും ഇല്ലാത്ത നായകന്‍, മണ്ടന്‍ തിരക്കഥ, കേട്ടാല്‍ ഉച്ചിവരെ എന്തോ അരിച്ചുകയറുന്നു എന്ന് തോന്നിപ്പിക്കുന്ന പാട്ടുകള്‍.. എന്നിട്ടും പടം ഹിറ്റ്!
സിനിമ റിലീസായ എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും തിരക്കാണ്. മുഖം മറച്ചും അലറിവിളിച്ചും സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററില്‍ ചാണമെറിഞ്ഞും മൂത്രമൊഴിച്ചും യുവാക്കള്‍ കൃഷ്ണനും രാധയും ഒരു സംഭവമാക്കുന്നു. ‘ഇന്റര്‍നെറ്റില്‍ സര്‍വര്‍ ബ്ലോക്ക് സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് എറണാകുളം എംജി റോഡിലും തൃശൂര്‍ ബിന്ദു തിയറ്ററിന്റെ മുന്നിലും ട്രാഫിക് ബ്ലോക്ക് തന്നെ തീര്‍ത്തു’ എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എല്ലാവരും പരസ്പരം ചോദിക്കുന്നു, എന്താണിതൊക്കെ?
ഉത്തരമുണ്ട്. ഈ സിനിമ നമ്മെ പലതും ഓര്‍മിപ്പിക്കുകയാണ്. അതിലൊന്ന് നെറ്റിന്റെ സ്വാധീനമാണ്. യൂട്യൂബും ഫേസ്‌ബുക്കും സര്‍വോപരി ഇന്റര്‍നെറ്റുമാണ് ഈ സിനിമയെ ഹിറ്റാക്കിയതെന്ന് നിസ്സംശയം പറയാം. അല്ലെങ്കില്‍ യൂട്യൂബും ഇന്റര്‍നെറ്റുമൊന്നും ശരിക്ക് ഉപയോഗപ്പെടുത്താത്ത സിനിമകള്‍ പെട്ടിയിലിരിക്കേണ്ടി വരുമെന്നും പറയാം. മറ്റൊരു കാര്യം, പ്രേക്ഷകര്‍ക്ക് ‘സ്ഥിരം ഫോര്‍മുല’ മടുത്തു എന്നുള്ളതാണ്. ചവച്ചത് തന്നെ ചവയ്ക്കുന്ന സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രമായ സ്നേഹവീട് എട്ടുനിലയില്‍ പൊട്ടുമ്പോഴാണ് ഒരു സിനിമാബോധവും ഇല്ലാത്ത സന്തോഷ് പണ്ഡിറ്റിന്റെ വികൃതസൃഷ്ടിയെ കേരളത്തിലെ യുവാക്കള്‍ ആഘോഷമാക്കുന്നത്.
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളും തിരക്കഥാ പുലികളും സംവിധായക സിംഹങ്ങളും പിആര്‍ഓമാരും ഒന്ന് കരുതിയിരിക്കുന്നത് നന്ന്. നായയ്ക്കും നരിക്കും വേണ്ടാത്ത സൃഷ്ടികളാണ് നിങ്ങളിനിയും പടച്ച് ഉണ്ടാക്കുന്നതെങ്കില്‍ പാവം പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റുമാരെ വീണ്ടും സംഭവമാക്കി ആഘോഷമാക്കേണ്ടി വരും! മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് കൃഷ്ണനും രാധയും.