ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്ക് കാരണം എന്ത്?

എം ജി രവിശങ്കരന്‍

WEBDUNIA|
PRO
ശ്രീനാഥ് ഓര്‍മ്മയായി. ആത്മഹത്യ എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. കോതമംഗലത്തെ ഹോട്ടല്‍‌മുറിയില്‍ കൈത്തണ്ടയിലെ ഞരമ്പുകള്‍ അറുത്തുമാറ്റി മരണത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിപ്പോയെന്ന നിഗമനം. ‘ആത്മഹത്യ’ എന്ന മനോഹരവും വേദനിപ്പിക്കുന്നതുമായ പദത്തെ ആഞ്ഞുപു‌ല്‍കാന്‍ എല്ലാ അവകാശവുമുള്ളവരാണ് കലാകാരന്‍‌മാര്‍. അല്ലെങ്കില്‍, ആത്മഹത്യ ചെയ്യുന്നവരെല്ലാം ഉള്ളിന്‍റെയുള്ളില്‍ കലകളെ സ്നേഹിക്കുന്നവരാണ്.

ശ്രീനാഥിനെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ആത്മഹത്യാവാര്‍ത്തയെ ഉള്‍ക്കൊള്ളാനാകുമെന്നു തന്നെയാണ് കരുതുന്നത്. കാരണം, അത്രത്തോളം ആര്‍ദ്രവും ലോലവുമായിരുന്നു ആ മനസ്. മറ്റുള്ളവര്‍ക്ക് ചെറിയൊരു ബുദ്ധിമുട്ട് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നറിഞ്ഞാല്‍ ആകെ കലങ്ങുന്ന പ്രകൃതം.

എന്നാല്‍ കലാകാരന്‍റെ ഈഗോ ആവോളം നിറഞ്ഞ മനുഷ്യനുമായിരുന്നു ശ്രീനാഥ്. ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളെപ്പോലെ പതിറ്റാണ്ടുകളുടെ അഭിനയപരിചയം തനിക്കുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തെ നയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ്, ചില കടും‌പിടിത്തങ്ങള്‍, വാശികളൊക്കെ ശ്രീനാഥ് പ്രകടിപ്പിച്ചിരുന്നത്. അല്‍പ്പം മുന്‍‌കോപിയായിരുന്നു. ചിലരുടെ പെരുമാറ്റത്തിലെ ചെറിയ അസ്വാഭാവികതകള്‍ പോലും തന്നെ ഹര്‍ട്ട് ചെയ്യാന്‍ വേണ്ടിയുള്ളതാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം.

എന്നാല്‍, എല്ലാവര്‍ക്കും ‘ദഹിക്കുന്ന’തായിരുന്നില്ല ശ്രീനാഥിന്‍റെ ഇത്തരം കൊച്ചുകൊച്ചു നിര്‍ബന്ധങ്ങളും കോപവും‍. ശ്രീനാഥ് എന്ന ‘സഹനടന്‍’ ഇങ്ങനെ വാശിപിടിക്കാന്‍ പാടുള്ളതല്ലെന്ന നിയമം ഉള്ളില്‍ കാത്തുസൂക്ഷിച്ചിരുന്ന സിനിമക്കാരും ഏറെയാണ്. ചെറിയ വാശികളും കുറുമ്പുകളും ഉള്ള അത്ര ‘വലിയവരല്ലാത്ത’ അഭിനേതാക്കളെ സാങ്കേതിക വിദഗ്ധര്‍ ഷൂട്ടിംഗ് സെറ്റുകളില്‍ പാഠം പഠിപ്പിക്കാറുണ്ട്.

മേക്കപ്പിടുവിച്ച് ഇരുത്തിയിട്ട് ആ അഭിനേതാവിന്‍റെ ഷോട്ട് മണിക്കൂറുകളോളം എടുക്കാതെയിരിക്കുക. ഹോട്ടല്‍ മുറിയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുമ്പോഴും വിളിക്കാതെയിരിക്കുക. പിടിവാശികള്‍ കാട്ടുന്ന അഭിനേതാവിനെ അദ്ദേഹം പോലും അറിയാതെ ചിത്രത്തില്‍ നിന്ന് പുറത്താക്കുക. ഇങ്ങനെ ചില പാഠം പഠിപ്പിക്കലുകള്‍.

ഒരുതരത്തില്‍ ‘റാഗിംഗ്’ എന്ന് വിളിക്കാവുന്ന ഇത്തരം പ്രവണതകളെ പലതാരങ്ങളും പല രീതിയിലാണ് സ്വീകരിക്കുക. ചിലര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ തന്‍റെ ഭാഗം എത്ര കാത്തിരുന്നിട്ടാണെങ്കിലും അഭിനയിച്ചുതീര്‍ക്കും. മറ്റുചിലര്‍ ആ സിനിമതന്നെ ഉപേക്ഷിച്ചുപോകും. വേറെ ചിലര്‍ കലാപമുണ്ടാക്കും. മനസിന് കട്ടികുറഞ്ഞവര്‍ ശ്രീനാഥിനെപ്പോലെ ചില സാഹസങ്ങള്‍ക്ക് മുതിരും.
PRO


ബി ഉണ്ണികൃഷ്ണന്‍റെ ഭാഷ കടമെടുത്താല്‍ താന്‍ easily replaceable ആണെന്ന് തോന്നുന്നയിടത്ത് പിടിച്ചുനില്‍ക്കാന്‍ ചിലരുടെ മനസ് അനുവദിക്കില്ല. ശ്രീനാഥിന് പകരം ‘ശിക്കാര്‍’ എന്ന സിനിമയില്‍ ലാലു അലക്സിനെ തീരുമാനിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആ വിവരം അറിഞ്ഞതിന്‍റെ ആഘാതത്തില്‍ ആര്‍ക്കും ഭാരമാകാതെ തന്‍റെ ജീവിതം എറിഞ്ഞുടയ്ക്കാന്‍ ശ്രീനാഥ് തീരുമാനിച്ചിരിക്കാം. ഇത് കലാകാരന്‍റെ മനസിന്‍റെ കുഴപ്പമോ മേന്‍‌മയോ ആണ്. നിസാരകാര്യങ്ങള്‍ക്ക് വലുതായി ഇമോഷണല്‍ ആയില്ലെങ്കില്‍ അയാള്‍ ഒരു നല്ല കലാകാരനായിരിക്കില്ല എന്ന് വായിച്ചിട്ടുണ്ട്.

എന്തായാലും മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നാവുന്ന ഒരു കാര്യത്തിന് ശ്രീനാഥ് ജീവിതം വലിച്ചെറിഞ്ഞു. തന്‍റെ ഭാര്യയെപ്പറ്റിയോ മകനെപ്പറ്റിയോ അദ്ദേഹം അപ്പോള്‍ ചിന്തിച്ചിരിക്കില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ കൈത്തണ്ടയിലെ നീലഞരമ്പുകളില്‍ കത്തിവയ്ക്കാന്‍ തുനിയുമായിരുന്നില്ല. ആത്മഹത്യയുടെ ഒരു നിര്‍വചനവും അങ്ങനെയാണല്ലോ - ഒരു നിമിഷത്തിന്‍റെ പ്രകോപനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :