മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരമായിരുന്നു സെയ്നുദ്ദീന്‍. കൊച്ചി സ്വദേശിയായ ഈ നടന്‍ നമ്മെ വിട്ടുപിരിഞ്ഞത് 1999 നവംബര്‍ നാലിനായിരുന്നു.
സയാമീസ് ഇരട്ടകള്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും സൈനുദ്ദീനും വയര്‍ ഒട്ടിച്ചേര്‍ന്ന ഇരട്ടകളായി അഭിനയിച്ചത് മലയാളത്തിലെ അപൂര്‍വമായ ഒരു അനുഭവമായിരുന്നു.
തന്‍റെ സ്ഥൂല ശരീരം കൊണ്ട് അതിന്‍റെ ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കാന്‍ സൈനുദ്ദീനാവുമായിരുന്നു. ഹിറ്റ്ലറിലെ മന്ദബുദ്ധിയായ ജോലിക്കാരന്‍, കാബൂളിവാല, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത..... തുടങ്ങി ഒട്ടേറെ വേഷങ്ങളില്‍ സൈനുദ്ദീന്‍ തിളങ്ങിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഏതാണ്ട് ഒരു മാസം കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിടന്നാണ് സൈനുദ്ദീന്‍ മരിക്കുന്നത്. കാര്‍ഗില്‍ ഫണ്ട് പിരിവിനു വേണ്ടി അമ്മയുടെ ഷോകളില്‍ തന്‍റെ രോഗം മറന്നും വേദന കടിച്ഛുപിടിച്ചും പങ്കെടുത്ത സൈനുദ്ദീനെ തിരിഞ്ഞു നോക്കാന്‍ പക്ഷെ, മരിക്കും വരെ ആരും ഉണ്ടായിരുന്നില്ല.
ജയറാം, ദിലീപ്, കലാഭവന്‍ മണി എന്നിവരെപ്പോലെ മിമിക്രി രംഗത്ത് നിന്നാണ് സൈനുദ്ദീന്‍റെയും വരവ്. അരങ്ങുകളില്‍ ആദ്യകാലത്ത് അദ്ദേഹം മധുവിനെ ആയിരുന്നു അനുകരിച്ചിരുന്നത്.
ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന സിനിമയില്‍ തമ്പ്രാക്കളുടെ ജാരസന്തതിയായി എത്തുന്ന സൈനുദ്ദീന്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മിമിക്രിക്കാരുടെ കഥ പറയുന്ന മിമിക്സ് പരേഡ്, കാസര്‍കോഡ് കാദര്‍ഭായ് തുടങ്ങിയ ചിത്രങ്ങളില്‍ സൈനുദ്ദീന്‍റെ പ്രകടനം എന്നും ഓര്‍ക്കും.
പി.എ.ബക്കറുടെ ചാപ്പയിലൂടെയായിരുന്നു സൈനുദ്ദീന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങള്‍ 150 ഓളം ചിത്രങ്ങളില്‍ അവതരിപ്പിച്ചു. പഞ്ചപാണ്ഡവരാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
2007 നവംബര്‍ നാലിന് ഈ നടന്‍ മരിച്ചിട്ട് 8 വര്‍ഷം തികയുകയാണ്.
WEBDUNIA|
Last Modified ഞായര്‍, 4 നവംബര്‍ 2007 (12:39 IST)