അസിന് 22

Actress Asin Thottunkal
WDWD
തെന്നിന്ത്യയിലെ പ്രമുഖ യുവനായിക അസിന്‍ തോട്ടുങ്കലിന്‍റെ ഇരുപത്തിരണ്ടാം പിറന്നാള്‍. 1985 ഒക്ടോബര്‍ 26 ന് കേരളത്തില്‍ കൊച്ചിയിലാണ് അസിന്‍ ജനിച്ചത്.

എറണാകുളത്തെ സെന്‍റ് തെരേസാസ് കോളേജില്‍ ബി.എ ഇംഗ്ളീഷിന് പഠിച്ചുതുടങ്ങുമ്പോഴാണ് അസിന്‍ നടിയായി മാറുന്നത്. ഇപ്പോള്‍ ചെന്നൈയിലെ ഹരിംഗ്ടണ്‍ റോഡിലുള്ള വീട്ടിലാണ് താമസം.

തെലുങ്കിലെ വരലാറ്‌ എന്ന ചിത്രത്തിലാണിപ്പോള്‍ അഭിനയിച്ചു കഴിഞ്ഞത്. 2005 ല്‍ സൂര്യയോടൊപ്പം അഭിനയിച്ച ഗജിനിയാണ് ഏറ്റവും ശ്രദ്ധേയമായ സിനിമ. ഇതിന്‍റെ ഹിന്ദി റീമേക്കില്‍ ഇപ്പോള്‍ അഭിനയിക്കുന്നു. കമല്‍ ഹാസനോടൊപ്പം അഭിനയിച്ച ദശാവതാരം എട്ട് ഭാഷകളില്‍ ഉടന്‍ പുറത്തിറങ്ങും.

തിരുവല്ലക്കാരി നയന്‍ താര സിനിമയിലെത്തുന്നതുവരെ അസിന്‍ തമിഴകവും തെലുങ്കു ദേശവും അടക്കി വാഴുകയായിരുന്നു എന്നു പറയാം.

സംസ്കൃതം, ഇംഗ്ളീഷ് വാക്കുകളുടെ മിശ്രണത്തിലൂടെയാണ് അസിന്‍ എന്ന അപൂര്‍വമായ പേരുണ്ടായത്. നിഷേധ ശബ്ദത്തിലുള്ള ഇല്ലാത്ത എന്നര്‍ത്ഥം വരുന്ന സംസ്കൃതത്തിലെ 'അ" യും പാപം അല്ലെങ്കില്‍ ദോഷം എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ളീഷ് വാക്ക് ''സിന്‍"" ഉം ചേര്‍ന്നപ്പോള്‍ വിശുദ്ധ, പാപമില്ലാത്തവള്‍ എന്നര്‍ത്ഥം വരുന്ന അസിനായി. അസിനെ സംസ്കൃതത്തില്‍ വേണമെങ്കില്‍ ‘അനഘ‘ എന്ന് വിളിക്കാം.

സത്യന്‍ അന്തിക്കാടിന്‍റെ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക‘ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ചെറിയൊരു വേഷത്തിലാണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത് - 2001 ല്‍. അത് ബോക്സോഫീസില്‍ വിജയമാകാത്തതു കൊണ്ടോ എന്തോ, ബോബന്‍റെ അമ്മാവന്‍റെ മകളുടെ വേഷത്തില്‍ എത്തിയ അസിനെ ആരും ശ്രദ്ധിച്ചില്ല.

‘അമ്മ നന്നാ ഓ തമിള്‍ അമ്മായി’ എന്ന തെലുങ്കു ചിത്രത്തില്‍ രവി തേജയോടൊപ്പം തമിഴ് പെണ്ണായി അഭിനയിച്ചാണ് അസിന്‍ സിനിമാ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

തമിഴില്‍ അസിന്‍ കരാറൊപ്പിട്ട പല ചിത്രങ്ങളും വേണ്ടെന്നു വയ്ക്കുകയോ വൈകുകയോ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്തപ്പോള്‍ അസിന്‍ ഒരു അപശകുനമായി പലരും കാണാന്‍ തുടങ്ങിയിരുന്നു.

‘ഉള്ളം കേട്ക്കുമേ’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും അസിന്‍റെ ആദ്യ തെലുങ്ക് ചിത്രമായ അമ്മ നന്നാ ഓ തമിള്‍ അമ്മായി യുടെ തമിഴ് റീമേക്കായ ‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്‍ഷ്മി’ എന്ന ചിത്രമാണ് ആദ്യം തമിഴില്‍ പുറത്തിറങ്ങിയത്.

ഈ ചിത്രമാകട്ടെ 2004 ല്‍ കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നെ അസിന് തമിഴില്‍ വെറുതേയിരിക്കേണ്ടിവന്നിട്ടില്ല. സൂര്യയോടൊപ്പം അഭിനയിച്ച ഗജിനി തമിഴിലും തെലുങ്കിലും ഒരേ സമയത്താണ് റിലീസായത്. ഇതും രണ്ടു ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു.

പിന്നീട് തമിഴിലും തെലുങ്കിലുമുള്ള മുന്‍ നിര നായകന്‍‌മാരോടൊപ്പം അസിന്‍ അഭിനയിച്ചു. സൂര്യ, വിജയ്, വിക്രം, അജിത്.

വിജയിനോടൊപ്പം പോക്കിരി, അജിതിനോടൊപ്പം ആള്‍വാര്‍, കമലഹാസനോടൊപ്പം ദശാവതാരം, സൂര്യയോടൊപ്പം ചെന്നൈയില്‍ ഒരു മഴക്കാലം എന്നീ സിനിമകളില്‍ അസിന്‍ അഭിനയിച്ചു.

സൂര്യയോടൊപ്പം സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അസിനെ വിളിച്ചെങ്കിലും ജ്യോതികയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതുകൊണ്ട് അതില്‍ നിന്ന് പിന്‍‌മാറുകയാണുണ്ടായത്. പിന്നീട് ഭൂമികാ ചൗളയാണ് ഈ വേഷം അഭിനയിച്ചത്.

ഗജിനിയിലെ അഭിനയത്തിന് അസിന്‍ ഫിലിം ഫെയറിന്‍റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടുകയുണ്ടായി. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അസിന്‍ അഭിനയിക്കുന്നുണ്ട്. പാരച്യൂട്ട്, ക്ളോസപ്പ്, ഫാന്‍റ, ഫെയര്‍ എവര്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അസിനിപ്പോള്‍.

അഭിനയ രംഗത്ത് എത്തുന്നതിനു മുമ്പ് അസിന്‍ പാര്‍ട്ട് ടൈം മോഡലും ചെറിയ തോതില്‍ ബിസിനസ്സുകാരിയുമായിരുന്നു. ഇപ്പോള്‍ മണി രത്നത്തിന്‍റെ സ്റ്റേജ് ഷോയിലും അസിന്‍ പങ്കെടുക്കുന്നുണ്ട്.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :