ശ്രീവിദ്യ അന്തരിച്ചു

WEBDUNIA|
2006 ഒക്റ്റോബര്‍ 20

തിരുവനന്തപുരം: പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രീവിദ്യ (53) അന്തരിച്ചു. ആര്‍ബ്ദുദാ ബാധയെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന അവര്‍ വ്യാഴാഴ്ച രാത്രി 8.30 ന് ആണ് അന്ത്യശ്വാസം വലിച്ചത്.

കുറച്ചു നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടയ്ക്ക് വീട്ടില്‍ പോയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യഴാഴ്ചയാണ് ആന്തരിക രക്തസ്രാവം ഉണ്ടായത്.ഡോ. കൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീവിദ്യയെ ചികിത്സിച്ചത്.

ശരീരം ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തെ പിടിപി നഗറിലെ സ്വന്തം വസതിയിലേക്കു കൊണ്ടു പോകും. വെള്ളിയാഴ്ചയാണ് സംസ്ക്കാരം.

മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട ശ്രീവിദ്യ നാലു തവണ സംസ്ഥാന പുരസ്ക്കാരത്തിനും അര്‍ഹയായി. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീവിദ്യ അടുത്ത കാലത്തായി സീരിയല്‍ രംഗത്തായിരുന്നു സജീവമായിരുന്നത്.

മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമാണ് ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി .തമിഴിലും ഒട്ടേറെ സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.

തമിഴകത്തുനിന്ന് എത്തിയ ഈ നടിയെ മലയാളം നെഞ്ചേറ്റി ലാളിക്കുകയായിരുന്നു. നസീറിനൊപ്പം അഭിനയിക്കുമ്പോഴും, കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോഴും മലയാളി സ്നേഹിക്കുകയായിരുന്നു ആ വശ്യ സൗന്ദര്യത്തെ.

1953 ജൂലൈ 24-ാം തീയതി ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും ഗായിക എം.എല്‍. വസന്തകുമാരിയുടെയും മകളായി ശ്രീവിദ്യ മദ്രാസില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞതോടെ പഠനം മതിയാക്കി.

അഞ്ച് വയസ് മുതല്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയില്‍ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു.

കുമാരസംഭവത്തില്‍ മായാനടനവിഹാരിണി ... എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോള്‍ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ. 1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :