ദിലീപിന് നായിക സനൂഷ!

WEBDUNIA|
PRO
‘കാഴ്ച’യില്‍ കൊച്ചുണ്ടാപ്രിക്കൊപ്പം ഓടിനടന്ന കുസൃതിക്കുട്ടി മലയാളികള്‍ക്ക് പ്രിയപ്പെട്ട ബാലതാരമാണ്. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സനൂഷ ബാലതാരമായി അഭിനയിച്ചു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ‘കുട്ടിത്തം’ വിടാത്ത നായികയായി. ഇപ്പോഴിതാ, സനൂഷ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. അതും ജനപ്രിയനായകന്‍ ദിലീപിന്‍റെ നായികയായി!

‘മിസ്റ്റര്‍ മരുമകന്‍’ എന്ന ചിത്രത്തിലാണ് സനൂഷ ദിലീപിന്‍റെ നായികയാകുന്നത്. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്‍ പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്‍റെ സങ്കടങ്ങളും സങ്കീര്‍ണതകളുമാണ് പ്രമേയമാക്കുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിന്‍റെ ഭാര്യാവേഷമാണ് സനൂഷയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലതാരമായി വന്ന് ദിലീപ് ചിത്രത്തിലൂടെ നായികയായി മാറിയ കാവ്യാമാധവനെയാണ് ഈ സാഹചര്യത്തില്‍ ഓര്‍മ്മവരുന്നത്. കാവ്യ പിന്നീട് ദിലീപിന്‍റെ ഭാഗ്യനായികയായി മാറി. സനൂഷയും ദിലീപിന്‍റെ ഭാഗ്യനായികയാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. തമിഴ് നടന്‍ ഭാഗ്യരാജാണ് ഈ സിനിമയില്‍ ദിലീപിന്‍റെ അമ്മായിയച്ഛനായി അഭിനയിക്കുന്നത്. മാര്‍ച്ച് രണ്ടാംവാരം എറണാകുളത്ത്‌ ചിത്രീകരണം ആരംഭിക്കും. വര്‍ണചിത്ര സുബൈറും നെല്‍സണ്‍ ഈപ്പനും ചേര്‍ന്നാണ്‌ മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നത്‌.

സന്ധ്യാമോഹന്‍റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്‍റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്‍റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :