കമലാഹാസനൊപ്പം നമ്മുടെ കുഞ്ചന്‍

Kunchan
WEBDUNIA|
PRO
PRO
രജനീകാന്ത് - ശങ്കര്‍ ഒന്നിച്ച എന്തിരന്‍ തീയേറ്ററുകള്‍ കീഴടക്കി കുതിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍താര സിനിമയ്ക്ക് കാതോര്‍ക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍. തെന്നാലി, പഞ്ചതന്ത്രം തുടങ്ങിയ ചിരിപ്പടങ്ങള്‍ ഒരുക്കിയ കമലാഹാസന്‍ - കെ‌എസ് രവികുമാര്‍ ടീമിന്റെ ‘മന്മഥന്‍ അമ്പ്’ എന്ന ചിത്രമാണത്. മലയാളികള്‍ക്ക് ഈ സിനിമയോട് പ്രത്യേക ഒരു ആകര്‍ഷണമുണ്ട്. കമല്‍ അഭിനയിക്കുന്നത് കൊണ്ട് മാത്രമല്ല അത്. എയ് ഓട്ടോയിലും കോട്ടയം കുഞ്ഞച്ചനിലും മറ്റും മലയാളികളെ കുടുകുടാ ചിരിപ്പിച്ച കുഞ്ചനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

കുഞ്ചനോടൊപ്പം മലയാളിയായ മഞ്ജുപിള്ളയും മന്മഥന്‍ അമ്പില്‍ അഭിനയിക്കുന്നുണ്ട്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കുറുപ്പ് ദമ്പതികളായാണ് ഇരുവരും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ എത്തുന്നത്. മന്മഥന്‍ അമ്പില്‍ അഭിനയിക്കാന്‍ ഉണ്ടായ സുവര്‍ണാവസരത്തെ പറ്റി കുഞ്ചന്‍ പറയുന്നു -

“മകളുടെ കല്യാണം വിളിക്കാന്‍ കമലിന്‍റെ വീട്ടില്‍പ്പോയതാണ് ഞാന്‍. എന്റെ വളരെപ്പഴയൊരു സുഹൃത്താണ് ഈ അപൂര്‍വ നടന്‍. കമലിന്റെ ആദ്യകാല പടങ്ങളായ അനുമോദനത്തിലും പൊന്നിയിലും ആദ്യപാഠത്തിലുമൊക്കെ ഞാനും അഭിനയിച്ചിരുന്നു. കല്യാണക്ഷണക്കത്തിനൊപ്പം ഞാന്‍ മറ്റൊരു കാര്‍ഡും കൂടി പോക്കറ്റിലിട്ടാണ് കമലിനെ കാണാന്‍ പോയത്. ഇരുപത്തഞ്ചു വര്‍ഷം മുമ്പ് എന്റെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോള്‍ കമല്‍ കൊടുത്ത ഒരു കാര്‍ഡ്. അതില്‍ കമല്‍ ഇങ്ങനെ എഴുതിയിരുന്നു, ‘ഗുഡ് ബൈ, ഐ ആം സ്റ്റില്‍ ബാച്ചിലര്‍’!”

“കമല്‍ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ചിരുത്തി. പഴയ കാലത്തെ പറ്റിയുള്ള ഓര്‍മകളൊക്കെ ഞങ്ങള്‍ അയവിറക്കി. അവസാനം ഞാന്‍ മകളുടെ കല്യാണക്ഷണക്കത്ത് കമലിന് നേരെ നീട്ടി. ഒപ്പം ‘ഗുഡ് ബൈ, ഐ ആം സ്റ്റില്‍ ബാച്ചിലര്‍’ എന്നെഴുതിയ ആ പഴയ കാര്‍ഡും. കമല്‍ കുറേനേരം ആ കാര്‍ഡിലേക്ക് നോക്കിക്കൊണ്ട് അങ്ങിനെ ഇരുന്നു. എന്തൊക്കെ ഓര്‍മകളായിരിക്കും കമലിന്റെ മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുക?”

“താന്‍ അഭിനയിക്കുന്ന പുതിയ പടത്തെക്കുറിച്ച് കമല്‍ പറഞ്ഞു. കെ‌എസ് രവികുമാറാണ് സംവിധാനം. മുന്‍കാല ചിരിപ്പടങ്ങളായ തെനാലി, പഞ്ചതന്ത്രം സിനിമകളുടെ അതേ ട്രീറ്റ്മെന്റിലാണ്‌ ഈ സിനിമയും ഇറങ്ങുന്നത്‌. തമിഴും മലയാളവും സംസാരിക്കുന്ന ഒരു ക്യാരക്‌ടര്‍ സിനിമയില്‍ ഉണ്ടെന്നും ഞാനതില്‍ അഭിനയിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. മകളുടെ വിവാഹത്തോടനുബന്ധിച്ച് എനിക്ക് കിട്ടിയ മഹാഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍!”

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലിനൊപ്പം കുഞ്ചന്‍ അഭിനയിക്കുന്നത്. മാന്‍ എന്ന പ്രൈവറ്റ്‌ ഡിറ്റക്ടീവിന്റെ വേഷത്തില്‍ കമല്‍ എത്തുന്ന മന്മഥന്‍ അമ്പില്‍ തൃഷയാണ്‌ നായിക. മാധവനും പ്രധാന റോളിലെത്തുന്നു. സൂര്യ അതിഥിവേഷത്തിലും സിനിമയിലുണ്ട്‌. സിനിമയുടെ അധികഭാഗവും ചിത്രീകരിക്കുന്നത് ദുബായ്, ഇറ്റലിയിലെ ജനോവ, മെസിന, ടുണീഷ്യയിലെ ടുണിസ്, ഫ്രാന്‍സിലെ ടൗലോണ്‍, സ്പെയ്നില്‍ ബാഴ്സലോണ തുടങ്ങിയ വിദേശ നഗരങ്ങളിലാണ്. റെഡ് ജൈയിന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :