താമരശ്ശേരി ടു തായ്‌ലന്‍ഡ് - നോണ്‍സ്റ്റോപ്പ് കോമഡി

WEBDUNIA|
PRO
ഫോര്‍ ഫ്രണ്ട്സിന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ എന്നു പേരിട്ടു. ഫാസിലിന്‍റെ പുത്രന്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായിക. ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയെത്തി ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട ഫഹദ് സോളോ ഹീറോയായി വീണ്ടും എത്തുകയാണ്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്‍കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്‍റ്, സിദ്ദിഖ് എന്നിവര്‍ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്‍. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നിവ പോലെ ഒരു ഗംഭീര കോമഡിച്ചിത്രമായിരിക്കും ഇതെന്നാണ് സജിയും കൃഷ്ണ പൂജപ്പുരയും ഉറപ്പുനല്‍കുന്നത്. എം ജി ശ്രീകുമാര്‍ സംഗീതം നിര്‍വഹിക്കുന്ന താമരശ്ശേരി ടു തായ്‌ലന്‍ഡിന്‍റെ പ്രധാന ലൊക്കേഷന്‍ ബാങ്കോക്കാണ്. അടുത്തവര്‍ഷം മാര്‍ച്ച് ഒടുവില്‍ ചിത്രീകരണം ആരംഭിക്കും.

‘ഫോര്‍ ഫ്രണ്ട്സ്’ പരാജയപ്പെട്ടതോടെ കരിയറില്‍ പ്രതിസന്ധിയിലായ സജി സുരേന്ദ്രന്‍ ഈ സിനിമയിലൂടെ ഒരു വന്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ‘പുളുവന്‍ മത്തായി’ എന്ന ചിത്രം സജി സംവിധാനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :