സന്തോഷ് പണ്ഡിറ്റിന് ഭ്രാന്ത്: മാമുക്കോയ

മാമുക്കോയ
WEBDUNIA|
PRO
PRO
കൃഷ്ണനും രാധയും എന്ന പേരില്‍ സിനിമാ കോപ്രായമെടുത്ത സന്തോഷ് പണ്ഡിറ്റിന് ചെറിയ മാനസിക തകരാറ് ഉണ്ടെന്ന് നടന്‍ മാമുക്കോയ. എന്നാല്‍ മാനസിക തകരാറുള്ള ഇയാളെ കേരളം ഏറ്റെടുത്തതാണ് തനിക്ക് മനസിലാകാത്തത് എന്നും പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍‌വിദ്യാര്‍ത്ഥികള്‍ ദുബായില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാമുക്കോയ ഇങ്ങനെ പറഞ്ഞത്.

“സ്വന്തമായി സിനിമയൊരുക്കി തീയേറ്ററില്‍ റിലീസ് ചെയ്ത സന്തോഷ്‌ പണ്ഡിറ്റിന്റെ സാഹസികത അംഗീകരിക്കേണ്ടത് തന്നെയാണ്. എത്രയോ നല്ല ചിത്രങ്ങള്‍ പൂര്‍ത്തിയായി റിലീസ്‌ ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്ന സമയത്ത്‌, ഇത്തരത്തിലൊരു ചിത്രം തിയറ്ററിലെത്തിച്ചത്‌ ഇയാളുടെ നേട്ടമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. എന്നാല്‍, മാനസികമായി ചെറിയ തകരാറുള്ള ഈ വ്യക്‌തിയെ കേരളം ഏറ്റെടുക്കുന്നതിന്റെ പൊരുള്‍ എന്താണെന്ന്‌ മനസിലാകുന്നില്ല. ഒരു ചിത്രം കൊണ്ടൊന്നും ഒരാളെ വിലയിരുത്താനാവില്ല. രണ്ട്‌ മൂന്ന്‌ സിനിമ അദ്ദേഹം ഉണ്ടാക്കട്ടെ, എന്നിട്ട്‌ നമുക്ക്‌ അഭിപ്രായം പറയാം.”

“മുപ്പത് വര്‍ഷം നാടകരംഗത്ത് ചെലവഴിച്ചശേഷമാണ് ഞാന്‍ സിനിമാ ലോകത്തെത്തിയത്. ഒരിക്കല്‍പ്പോലും അവാര്‍ഡിന് വേണ്ടി അഭിനയിച്ചിട്ടില്ല. എങ്കിലും ചില അംഗീകാരങ്ങള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ട്. പലര്‍ക്കും അര്‍ഹിച്ച പരിഗണന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാറില്ല. നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ സിനിമകളുടെ സംവിധാനം നിര്‍വഹിക്കുകയും നിര്‍മിക്കുകയും ചെയ്ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ല. അതേസമയം, ജയറാം പോലുള്ള നടന്മാര്‍ക്ക്‌ കിട്ടുകയും ചെയ്‌തു.”

“സുകുമാര്‍ അഴീക്കോടിനും മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടിനും ഒരേ സമയത്താണ്‌ പത്മശ്രീ പ്രഖ്യാപിച്ചത്‌. അതിനാല്‍ അഴിക്കോട്‌ അത്‌ നിരസിച്ചു. പത്മശ്രീ ഉണ്ടായ കാലത്ത്‌ തന്നെ ആദ്യം കൊടുക്കേണ്ടിയിരുന്നത്‌ അഴീക്കോടിനായിരുന്നു. എന്നാല്‍, അവാര്‍ഡ്‌ കിട്ടിയതുകൊണ്ട്‌ മാത്രം ഒരു കലാകാരനെ ജനം ഓര്‍ത്തുകൊള്ളണമെന്നില്ല. ഒരു അവാര്‍ഡ്‌ പോലും ലഭിക്കാത്ത സംഗീതജ്ഞര്‍ എംഎസ്‌ബാബുരാജ്‌, മുഹമ്മദ്‌ റാഫി എന്നിവര്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. അവരെ നാമിന്നും ഓര്‍ക്കുന്നില്ലേ?” - മാമുക്കോയ ചോദിച്ചു.

സുകുമാര്‍ അഴീക്കോടിന് ബുദ്ധിമാന്ദ്യം ഉണ്ട് എന്ന് പറഞ്ഞതിനാണ് മോഹന്‍ലാലിനെതിരെ അഴീക്കോട് കേസ് കൊടുത്തത്. തനിക്ക് ചെറിയ മാനസിക തകരാറുണ്ട് എന്ന് പറഞ്ഞ മാമുക്കോയയെ സന്തോഷ് പണ്ഡിറ്റ് കോടതിയില്‍ കയറ്റുമോ അതോ സാധാരണ അഭിമുഖങ്ങളില്‍ വരുന്ന ‘ചൊറിയുന്ന’ ചോദ്യങ്ങളെ വെറുമൊരു ചിരിയോട് ഒഴിവാക്കുന്ന ലാഘവത്തില്‍ വിട്ടുകളയുമോ എന്ന് കണ്ടുതന്നെ അറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :