ചേതന്‍ ഭഗത് സംവിധാനം പഠിക്കുന്നു

WEBDUNIA|
PTI
ഒരിക്കല്‍ അബദ്ധം പറ്റിയാല്‍ പിന്നെ അത് ആവര്‍ത്തിക്കാതെ ശ്രദ്ധിക്കുന്നവര്‍ ബുദ്ധിയുള്ളവര്‍. ഇന്ത്യയില്‍ ഇന്ന് ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത് ബുദ്ധിമാനല്ലെന്ന് ആരും പറയില്ല, ഒരിക്കല്‍ അബദ്ധം പറ്റിയെങ്കിലും. തന്‍റെ ‘ഫൈവ് പോയിന്‍റ് സം‌വണ്‍’ എന്ന നോവല്‍ ‘ത്രീ ഇഡിയറ്റ്സ്’ എന്ന മെഗാഹിറ്റായി ലോകം മുഴുവന്‍ നിറഞ്ഞിട്ടും അതിന്‍റെ ക്രെഡിറ്റില്‍ ഒരംശം പോലും തനിക്കുലഭിക്കാത്തതിന്‍റെ സങ്കടത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല ചേതന്‍.

എന്തായാലും അങ്ങനെയൊരു അബദ്ധം ആവര്‍ത്തിക്കാതിരിക്കാനുള്ള ബുദ്ധിയൊക്കെ ചേതനുണ്ട്. അതുകൊണ്ടാണ് സിനിമാ സംവിധാനം പഠിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജിനൊപ്പം സഹായിയായി നിന്നാണ് സംവിധാനത്തിന്‍റെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ ചേതന്‍ ഭഗത് ഒരുങ്ങുന്നത്.

ചേതന്‍റെ ഏറ്റവും പുതിയ നോവലായ ‘2 സ്റ്റേറ്റ്സ്’ സിനിമയാകുകയാണ്. ഷാരുഖ് ഖാന്‍ നായകനാകുന്ന ഈ സിനിമയുടെ സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്. ചേതന്‍ ഭഗത്തും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ഈ സിനിമയില്‍ വിശാലിന്‍റെ സാഹായിയായി സംവിധാനം പഠിക്കുകയാണ് ചേതന്‍റെ ലക്‍ഷ്യം.

2 സ്റ്റേറ്റ്സ് ഒരു പഞ്ചാബി യുവാവിന്‍റെയും തമിഴ് പെണ്‍കുട്ടിയുടെയും പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും കഥയാണ്. സെയ്‌ഫ് അലിഖാനും പ്രിയങ്കാ ചോപ്രയും ഈ സിനിമയില്‍ ജോഡിയാകുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുമെന്നും കേട്ടിരുന്നു. ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. സംവിധായകന്‍റെ സ്ഥാനത്ത് വിശാല്‍ ഭരദ്വാജ് വന്നു. ഷാരുഖ് ഖാന്‍ നായകനും ദീപിക പദുക്കോണ്‍ നായികയുമായി.

ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. ഈ സിനിമ കഴിഞ്ഞാല്‍ ചേതന്‍റെ ‘3 മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്’ സിനിമയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അഭിഷേക് കപൂറാണ് സാംവിധായകന്‍. മറ്റൊരു വിശേഷവും കേള്‍ക്കുന്നു. അധികം താമസിയാതെ ചേതന്‍ ഭഗത്തിന്‍റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. അത് ഒരു പ്രണയകഥ പറയുന്ന സിനിമയായിരിക്കും എന്ന കാര്യത്തില്‍ മാത്രം 100 ശതമാനം ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :