ട്വന്‍റി20യെ മറികടക്കാന്‍ പോക്കിരിരാജയ്ക്കാവില്ല!

WEBDUNIA|
PRO
മലയാള സിനിമാലോകത്ത് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നു. താരസംഘടനയായ ‘അമ്മ’യുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ‘ട്വന്‍റി20’യും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച ‘പോക്കിരിരാജ’യുമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ തമ്മിലാണ് തര്‍ക്കം. ട്വന്‍റി20യുടെ ആദ്യവാര കളക്ഷനെ മറികടന്നു എന്നൊരു വാര്‍ത്ത നേരത്തേ പരന്നിരുന്നു. എന്നാല്‍ ഇത് സത്യമല്ല എന്ന വാദവുമായാണ് ട്വന്‍റി20യുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

പോക്കിരിരാജയുടെ ആദ്യവാര ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ 110 കേന്ദ്രങ്ങളില്‍ നിന്ന് 2.21 കോടി രൂപയായിരുന്നു. ട്വന്‍റി20യുടേത് 2.03 കോടി മാത്രമാണെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതിനെ ട്വന്‍റി20യുടെ നിര്‍മ്മാതാവ് ദിലീപിന്‍റെ വിതരണക്കമ്പനിയായ മഞ്ജുനാഥ റിലീസിന്‍റെ മാനേജര്‍ വ്യാസന്‍ എടവനക്കാട് ഖണ്ഡിക്കുന്നു. ട്വന്‍റി20യുടെ ആദ്യവാര ഷെയര്‍ മൂന്നുകോടിക്ക് മേല്‍ ആണെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
PRO


“പോക്കിരിരാജ ട്വന്‍റി20യെ മറികടന്നു എന്നത് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ്. ട്വന്‍റി20ക്ക് 113 കേന്ദ്രങ്ങളില്‍ നിന്ന് 3.11 കോടി രൂപയാണ് ആദ്യവാരം ഡിസ്ട്രിബ്യൂട്ടേഴ്സ് ഷെയര്‍ ലഭിച്ചത്. ട്വന്‍റി20 റിലീസായി ആദ്യ രണ്ടു ദിവസം കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും 100 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ് എന്നകാര്യം ഓര്‍ക്കണം. പോക്കിരിരാജയ്ക്ക് എറണാകുളം കവിതയില്‍ ബാല്‍ക്കണിക്ക് 70 രൂപയും കോഴിക്കോട് അപ്സരയില്‍ 60 രൂപയും മറ്റുള്ളയിടങ്ങളില്‍ അമ്പതോ അതില്‍ താഴെയോ ആയിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ട്വന്‍റി20യുടെ മാത്രം പേരിലാണ്” - വ്യാസന്‍ വ്യക്തമാക്കുന്നു.

പോക്കിരിരാജ ഹിറ്റാണെന്ന് വ്യക്തമായയുടന്‍ ‘ട്വന്‍റി20യുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു’ എന്ന അവകാശവാദം ഉയര്‍ന്നതിനെ വ്യാസന്‍ എടവനക്കാട് ചൂണ്ടിക്കാട്ടുന്നു. “ട്വന്‍റി20യുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു എങ്കില്‍ അക്കാര്യം തെളിയിക്കാന്‍ ഞങ്ങള്‍ അവരെ വെല്ലുവിളിക്കുകയാണ്. ഞങ്ങളുടെ ഡെയ്‌ലി കളക്ഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സത്യം മനസിലാകും.”

എന്തായാലും പോക്കിരിരാജയുടെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :