വിസ തട്ടിപ്പ് കേസില്‍ പ്രശസ്‌ത സിനിമാ നടന്‍ വിജയകുമാര്‍ അറസ്റ്റിലായി. അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ വാഗ്‌ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച ഉച്ചയോടെയാണ് വിജയകുമാറിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ വിജയകുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
നേരത്തെ ഹവാല പണം തട്ടിപ്പ് കേസിലും വിജയകുമാര്‍ പ്രതിയായിരുന്നു. കളമശ്ശേരിയില്‍ പണം തട്ടിയെടുക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ബ്ലേഡ് കൊണ്ട് കയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിജയകുമാര്‍ ഈ കേസില്‍ ജാമ്യത്തിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്കൊപ്പം ഉപനായക വേഷത്തില്‍ അഭിനയിച്ചിട്ടുള്ള നടനാണ് വിജയകുമാര്‍.
മലയാള സിനിമയിലെ ചില നടന്മാര്‍ക്കും സംവിധായകര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ ബന്ധങ്ങളോ ഉള്ളതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാലനടനായി രംഗത്തെത്തിയ ഒരു നടനും കോട്ടയത്തിന് സമീപമുള്ള ഒരു സംവിധായകനും ചില നിര്‍മാതാക്കളും പോലീസ് നിരീക്ഷണത്തിലാണ് എന്നറിയുന്നു. ഇവരില്‍ ചിലര്‍ക്ക് ‘സ്വാമി’ സന്തോഷ് മാധവനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും കഥകള്‍ പ്രചരിക്കുന്നുണ്ട്.
സിനിമ നല്‍കുന്ന വന്‍ പ്രതിഫലം കൊണ്ട് ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്ന ഇവര്‍ പിന്നീട് സിനിമാ അവസരങ്ങള്‍ കുറയുന്നതോടെ പണം സ്വരൂപിക്കുന്നതിനായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയാണെത്രെ. സമൂഹത്തിലെ സ്ഥാനവും പ്രശസ്തിയും സുഖസൌകര്യങ്ങളും നിലനിര്‍ത്താനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഇവര്‍ പിന്നീട് പൊലീസ് പിടിയിലാവുകയും ചെയ്യുന്നു. വിജയകുമാറിന്റേത് ഇത്തരമൊരു സംഭവമാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെബ്‌ദുനിയയോട് പറഞ്ഞു.